

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ട സുഹൃത്ത് ഗോകുലിന്റെ അതിജീവനത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലം മുതല്‍ സഹോദരനെപ്പോലെ തനിക്കൊപ്പമുളള സഖാവാണ് ഗോകുൽ എന്നും മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് അദ്ദേഹമെന്നും ഷംസീര്‍ പറയുന്നു. നാലോ അഞ്ചോ വര്‍ഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ അന്ന് വിധിയെഴുതിയ ആളാണ് ഇന്ന് തന്റെ മാറോട് ചേര്‍ന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നതെന്നും അപ്രതീക്ഷിതമായുണ്ടായ വലിയ വീഴ്ച്ചയില്‍ തളര്‍ന്നുപോകാതെ അസാമാന്യമായ മനക്കരുത്ത് കൊണ്ടും ഇച്ഛാശക്തി കൊണ്ടും ഉയിര്‍ത്തെഴുന്നേറ്റവനാണ് ഗോകുലെന്നും ഷംസീര്‍ പറഞ്ഞു. ഗോകുലിനൊപ്പമുളള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
2006-ലാണ് അപകടത്തില്‍ ഗോകുലിന്റെ ജീവിതം മാറിമറിയുന്നത്. അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ട ഗോകുൽ പ്രതിസന്ധികളോട് പടപൊരുതി 2012-ല്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കി. 2009-ല്‍ തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ 'can walk' എന്ന പേരില്‍ സംഘടന രൂപീകരിച്ചു. നിലവില്‍ തിരുവനന്തപുരത്ത് 'SP Adarsh Foundation' നുമായി ചേര്‍ന്ന് റീഹാബിലിറ്റേഷന്‍- ഫിസിയോതെറാപ്പി യൂണിറ്റ് നടത്തിവരികയാണ്. 2017-ല്‍ വിവാഹിതനായ ഗോകുല്‍ ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാര്‍ ഇവാനിയോസ് കോളേജില്‍ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ച്ചററാണ്.
"മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് പ്രിയപ്പെട്ട ഗോകുൽ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ സ്വന്തം സഹോദരനെപ്പോലെ എനിക്കൊപ്പമുള്ള സഖാവ്. ഇന്നും ഒരു ഫോൺ വിളിക്കപ്പുറം "ഷംസീർ സഖാവേ..." എന്ന സ്നേഹവിളിയുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവൻ.
2006-ലാണ് ഒരു അപകടത്തിന്റെ രൂപത്തിൽ ഗോകുലിന്റെ ജീവിതം മാറിമറിയുന്നതും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നതും. ആ അപകടവാർത്തയറിഞ്ഞ്, അതിന്റെ വ്യാപ്തി പോലും തിരിച്ചറിയുന്നതിന് മുൻപേ സഖാവ് പി. ബിജുവിനൊപ്പം ഗോകുലിനെ കാണാൻ ആശുപത്രിയിൽ എത്തിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ബിജുവിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഗോകുൽ.
നാലോ അഞ്ചോ വർഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് അന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളാണ്, ഇന്ന് എന്റെ മാറോട് ചേർന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആ വലിയ വീഴ്ചയിൽ തളർന്നുപോകാതെ, അസാമാന്യമായ മനക്കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് അവൻ.
പ്രതിസന്ധികളോട് പടപൊരുതി 2012-ൽ ഗോകുൽ തന്റെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. ഇതിനിടയിൽ 2009 ഇൽ, തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ 'Can Walk' എന്ന സംഘടന രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് 'SP Adarsh Foundation' മായി ചേർന്ന് ഒരു റീഹാബിലിറ്റേഷൻ - ഫിസിയോതെറാപ്പി യൂണിറ്റ് ഗോകുൽ നടത്തിവരുന്നു. ഏറെ അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മാസം മുതൽ ഈ സംഘടനയിലെ 10 പേർ മോട്ടോറൈസ്ഡ് വീൽചെയറുകൾ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ Zomato ഡെലിവറി പാർട്ണർമാരായി ജോലി ചെയ്ത് വരികയാണ്. കൂടെയുള്ളവർക്ക് ഇത്രമേൽ ആത്മവിശ്വാസം പകരാൻ ഗോകുലിനും 'Can Walk' സൊസൈറ്റിക്കും സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
2017 ഇൽ വിവാഹിതനായ ഗോകുൽ ഇന്ന് ഇരട്ട ആൺകുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാർ ഇവാനിയോസ് കോളേജിൽ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു.
ഇക്കഴിഞ്ഞ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെയാണ് പ്രിയപ്പെട്ടവനെ വീണ്ടും കണ്ടു. ഏറെ സന്തോഷത്തോടെ അവനെ വാരിപ്പുണർന്ന് സ്വീകരിച്ചു. ഈ നിമിഷത്തിൽ സഖാവ് പി. ബിജു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം, ഗോകുലിനെ എന്നെക്കാളേറെ സ്നേഹിച്ചിരുന്നത് ബിജുവായിരുന്നു" എ എൻ ഷംസീർ കുറിച്ചു.
Content Highlights: A N Shamseer article about friend gokul's survival who lost 2 legs in accident