

അമേരിക്കയുടെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' സമിതിയിൽ ചേരാനുള്ള ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിൽ സമാധാനം പുലരാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതി നടപ്പിലാക്കുകയാണ് സമിതിയുടെ മുഖ്യലക്ഷ്യം.
നേരത്തെ യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയെ 'ഗാസ എക്‌സിക്യൂട്ടീവ് ബോർഡ്' അംഗമായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ പ്രസിഡന്റ് ബോർഡ് ഓഫ് പീസ് സമിതിയിൽ ചേർന്നിരിക്കുന്നത്. ഗാസയുടെ ഭരണത്തിനായുള്ള ദേശീയ സമിതിയും വിപുലമായ സമാധാന സമിതിയും തമ്മിലുള്ള പ്രധാന കണ്ണിയായാണ് ഈ എക്‌സിക്യൂട്ടീവ് ബോർഡ് പ്രവർത്തിക്കുന്നത്.
വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ സമാധാനത്തിലേക്കുള്ള ഗാസയുടെ നീക്കത്തിന് തന്ത്രപരമായ മേൽനോട്ടം വഹിക്കുക, അന്താരാഷ്ട്ര വിഭവങ്ങൾ സമാഹരിക്കുക, പുനർനിർമാണ പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പാക്കുക എന്നിവയാണ്.
ഗാസയെ പൂർണ്ണമായും സൈനികമുക്തമാക്കുന്നതിനൊപ്പം പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ഇതിന്റെ ഭാഗമായി അനധികൃത സായുധ സംഘങ്ങളെ നിരായുധരാക്കുമെന്നും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.
സെപ്റ്റംബർ ഒടുവിലാണ് ഗാസയില്‍ യുഎസിന്റെ 20 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ചത്. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് ഗസ്സയിലെ വെടിനിർത്തലിനായുള്ള പദ്ധതി പുറത്തിറക്കിയത്. ഈ പദ്ധതിയിൽ ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യം എന്ന ആശയത്തെക്കുറിച്ച് പരാമർശമില്ല. ഹമാസ് ഈ 20 ഇന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശം തള്ളിക്കളഞ്ഞാൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു.
Content Highlights: The United Arab Emirates has joined a peace committee led by the United States with the objective of helping restore peace in Gaza. Officials said the move reflects the UAE’s commitment to diplomatic initiatives and regional stability. The participation is expected to support dialogue and coordinated international efforts aimed at reducing tensions in the conflict-hit region.