

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ ആഹ്വാനം. യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.
പീഡനക്കേസില്‍ ജയിലില്‍ പോയാല്‍ എന്തിനാണ് പേടിക്കുതെന്ന് ഇയാള്‍ ചോദിക്കുന്നു. സന്മനസുള്ള നമ്മുടെ സര്‍ക്കാര്‍ എന്ത് കേസില്‍ ജയിലില്‍ പോയാലും 620 രൂപവെച്ച് നല്‍കുമെന്ന് ഇയാള്‍ ജയില്‍പുള്ളികളുടെ വേതനം വര്‍ധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങള്‍ ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അവരാദം പറയുന്നവരെ 'നേരെ ചെന്ന് ബലാത്സംഗം' ചെയ്യണമെന്നാണ് ഇയാള്‍ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാല്‍ സ്ത്രീകള്‍ അതീജിവിതയാകുമെന്നും പുരുഷന്മാര്‍ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാള്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോഴിക്കോട് സ്വദേശിയായ ദീപക്കിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയായ ഷിംജിതയായിരുന്നു രംഗത്തെത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് ദീപക് ജീവനൊടുക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ ഒരു ദുരനുഭവമുണ്ടായെങ്കിലും യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇപ്പോഴും നേരിടേണ്ടിവരുന്നുവെന്നായിരുന്നു മറുവാദം.
സംഭവത്തില്‍ ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയതായാണ് വിവരം. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ശേഖരിക്കാനായി സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. യുവതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.
ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
Content Highlights- BJP worker Ajay marar controversial statement against survivors over deepak bus issue incident