

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് 'വരത്തൻമാർ' വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട' എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്തയച്ചതായാണ് വിവരം.
ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുയായിയാണ് ജെയ്ജു. മണ്ഡലത്തിൽ മത്സരത്തിന് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, മുൻ എംഎൽഎ എം പി വിൻസെന്റ്, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒല്ലൂർ കോൺഗ്രസിൽ പ്രാദേശിക വാദം ഉയർന്നത്.
സിപിഐയുടെ കെ രാജനാണ് നിലവിൽ ഒല്ലൂരിലെ എംഎൽഎ. 2016 മുതൽ കെ രാജനാണ് ഇവിടെ വിജയിച്ചത്. മന്ത്രികൂടിയായ കെ രാജൻ തന്നെയായിരിക്കും ഇത്തവണയും മണ്ഡലത്തിൽനിന്ന് എൽഡിഎഫിനായി മത്സരിക്കുക എന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Content Highlights: posters about demand that a local leader should be fielded as a candidate at Ollur Assembly seat