

തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നടി മഞ്ജു വാര്യർ. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് പ്രചോദനമെന്നും താരം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന 'പറന്നുയരാം കരുത്തോടെ' സംസ്ഥാനതല ക്യാമ്പയിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെൺകുട്ടികൾ ഉറച്ചു വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താൻ കാണുന്നതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
കഠിനാധ്വാനത്തിലൂടെയും സ്വയം അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും മാത്രമേ ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കൂ എന്നും മഞ്ജു വാര്യർ പറഞ്ഞു. തനിക്ക് എന്നും പ്രചോദനമായിട്ടുള്ള തന്റെ അമ്മയുടെയും, കൂടാതെ ജെസിബി മുതൽ ലോറി വരെ ഓടിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെയും ഉദാഹരണങ്ങൾ അവർ പങ്കുവച്ചു. 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നടി.
അതേസമയം, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്ത് ആനുപാതികമായ പങ്കാളിത്തം ഇനിയും നേടാൻ സാധിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞു.
വിവാഹം, പ്രസവം തുടങ്ങിയ ജീവിത സാഹചര്യങ്ങൾ സ്ത്രീകളുടെ കരിയറിൽ തടസ്സമാകരുത്. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സ്‌കില്ലിംഗ്, അപ്സ്‌കില്ലിംഗ് പ്രോഗ്രാമുകളിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നുവെന്നും സിനിമയടക്കമുള്ള തൊഴിലിടങ്ങളിൽ പോഷ് (POSH) നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് എസ്. അജിതാബീഗം, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി കെ. ഹരികുമാർ, കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, സാമൂഹ്യ പ്രവർത്തകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Actor Manju Warrier has emphasised that women’s financial independence is the most important factor in empowerment