

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയെന്ന് സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ തുടങ്ങി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പൊലീസിന്റെ സഹായം തേടി.
ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Content Highlights: bus harassment claim case woman who took video absconds says sources