'മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്നറിയാം' ;സജി ചെറിയാനെതിരെ പരാതി

സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്

'മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്നറിയാം' ;സജി ചെറിയാനെതിരെ പരാതി
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി വിമര്‍ശനം ഉന്നയിക്കുന്നതിനിടയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോൺഗ്രസ്‌ നേതാവ് വി ആർ അനൂപും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കും. നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍.

മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരുടെ പേരെടുത്ത് നിങ്ങള്‍ വായിച്ചു നോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അങ്ങനെ പോകാന്‍ പാടുണ്ടോ? കാസര്‍കോട് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കു. നിങ്ങള്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒരമ്മപ്പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവര്‍ക്കും മത്സരിക്കണം. എല്ലാവര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന ധ്രുവീകരണം ആര്‍ക്കും മനസ്സിലാകാത്തത് അല്ല. മുസ്‌ലിം ലീഗ് ഒരു വിഭാഗത്തെ വര്‍ഗ്ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേയെന്നും അദ്ദേഹം ചോദിച്ചു. 'ലീഗിന്റെ രാഷ്ട്രീയം കേരളത്തില്‍ വര്‍ഗ്ഗീയ പലര്‍ത്തുന്ന രാഷ്ട്രീയം ആണെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ആ നിലപാട് തന്നെയാണ് ഞാന്‍ പറഞ്ഞത്. ' - സജി ചെറിയാന്‍ പറഞ്ഞു.

മതസൗഹാര്‍ദത്തെ തകര്‍ത്ത് എങ്ങനേയും പത്ത് വോട്ട് കിട്ടണം. ആ വേദിയില്‍ കയ്യടി കിട്ടാന്‍ വേണ്ടി രണ്ട് സമുദായ നേതാക്കന്മാരില്‍ ഒരാളെ കാറില്‍ കയറ്റി, മറ്റൊരാളെ ഷാള്‍ അണിയിച്ചു എന്ന് പറഞ്ഞ് വിദ്വേഷം കുത്തിനിറച്ചു. ഒരു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഏറ്റവും വില കുറഞ്ഞ പ്രസ്താവനയാണ് ഇത്. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമം അപലപനീയമാണ്. ആ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് കേരളത്തിലെ മതേതരവാദികളായ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: dgp complaint filed by youth congress over minister saji cherian remarks controversy

dot image
To advertise here,contact us
dot image