

മലപ്പുറം: മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡായ കരുണാലയപ്പടിയിൽ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍. യുഡിഎഫ് സ്ഥാനാർത്ഥിയോടാണ് അരുൺ പരാജയപ്പെട്ടത്.
'തെരഞ്ഞെടുപ്പില്‍ അരുണ്‍ 306 വോട്ടുകള്‍ക്കാണ് ഞാൻ പരാജയപ്പെട്ടത്. സാധാരണ എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് അറുപതില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെടാനും വിജയിക്കാനും സാധ്യത. എഴുപത് വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. സുഹൃത്തുക്കള്‍ കറുത്ത ഷര്‍ട്ടും വെളള മുണ്ടുമൊക്കെ വാങ്ങി വിജയം ആഘോഷിക്കാന്‍ കാത്തിരിക്കെയാണ് വലിയ വോട്ടിന് പരാജയപ്പെട്ടത്'- പി അരുൺ പറഞ്ഞു.
താന്‍ എന്ത് ചെയ്താലും പ്രാദേശിക നേതൃത്വം അതില്‍ കുറ്റം കണ്ടെത്തുകയാണെന്നും തനിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും അരുണ്‍ ആരോപിച്ചു. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേൃത്വത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് പാര്‍ട്ടി വിട്ടതെന്നും അരുണ്‍ പറഞ്ഞു. വണ്ടൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കരുണാലയപ്പടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ഷംസുദ്ദീനാണ് വിജയിച്ചത്. 714 വോട്ടാണ് ഷംസുദ്ദീന് ലഭിച്ചത്. അരുണിന് 414 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
Content Highlights: malappuram cpi leader p arun joins bjp, alleges party didnt allow him to work