'യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം

നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍

'യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം
dot image

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ആരോപിച്ചത്. കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് യുവതി വീഡിയോ പങ്കുവെച്ചത്.

വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ദീപക്കിന്റേത് ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വരേണ്ട, സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണെന്ന് ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും. ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ദീപക്കിന് അതിന് കഴിഞ്ഞില്ലെന്നും അപമാനഭാരത്തില്‍ അയാൾ പോകാന്‍ തീരുമാനിച്ചെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപക്കിന്റെ മാതാപിതാക്കള്‍ക്ക് നീതി വേണമെന്നും യുവതിക്കെതിരെ നിയമനടപടികള്‍ ഉണ്ടാവണമെന്നും സിദ്ദിഖ് കുറിച്ചു.

യുവാവ് മോശമായി പെരുമാറിയെന്ന് പരാതിയുള്ള പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നുവെന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Content Highlights: kerala bus incident allegation leads to youth death family approaches city police commissioner

dot image
To advertise here,contact us
dot image