

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യുവാവ് മോശമായി പെരുമാറിയെന്ന് പരാതിയുള്ള പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?', ഭാഗ്യലക്ഷ്മി കുറിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികരണങ്ങളാണ് ഭാഗ്യലക്ഷ്മി നടത്തിയിട്ടുള്ളത്. മറ്റൊരു കുറിപ്പില്‍ ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവരുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്.
'അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്', ഭാഗ്യലക്ഷ്മി കുറിച്ചു.
കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്. വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളുമുണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന്‍ പോയിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മാങ്കാവ് സ്വദേശി ദീപക് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
Content Highlights: kerala bus harassment allegation death case dubbing artist bhagyalakshmi reacts