

കൊച്ചി: കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി. മന്ത്രിയുടെ വാക്കുകള്‍ 'ഓത്തിച്ചാലിലെ അഴുക്കുവെള്ളം മാത്രമാണ്' എന്ന് സ്മിജി വിമര്‍ശിച്ചു. മന്ത്രിയുടെ ഹൃദയത്തെ ശുദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മതേതര കേരളം ചികിത്സാക്കുറിപ്പടി എഴുതിത്തരുമെന്നും അഡ്വ. എ പി സ്മിജി പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ണടവെച്ചുനോക്കുന്നത് നന്നാവും. കണ്ടിട്ടും കാണാത്തതുപോലെ നടിക്കുന്നവര്‍ക്ക് ഇവിടെ മരുന്നില്ല. അവര്‍ വര്‍ഗ്ഗീയത പറഞ്ഞുനടക്കുമെന്നും സ്മിജി വിമര്‍ശിച്ചു. മുസ്ലിം ലീഗിന്റെ മതേതരത്വം തലമുറകളിലൂടെ തങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണെന്നും സ്മിജി ഫേസ്ബുക്കിൽ പങ്കുവെച്ചു.
'സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്‍ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു..
ബഹുമാനപ്പെട്ട സജി ചെറിയാന്‍,
ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..
തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിന്റെ കുഴപ്പമാണ്..
പിന്നെ,
മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വര്‍ഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണ്.
തരാ തരം മുസ്ലിം ലീഗിനെ വിമര്‍ശിച്ച് താങ്കളെ പോലുള്ളവര്‍ പറഞ്ഞു കൊണ്ടേയിരിക്കുക..
ഞങ്ങളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍
അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോഴും അതൊന്നും ആരും ഗൗനിക്കില്ല,
ഞാന്‍ പറയുന്നത്
വെറും വാക്കല്ല,
തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വം..
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജനറല്‍ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയില്‍ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാന്‍ പറയുന്നു:
ബഹുമാനപ്പെട്ട സജി ചെറിയാന്‍,
താങ്കളുടെ വാക്ക്
വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം..
അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം,
ഇല്ലെങ്കില്‍ വൈകാതെ മതേതര കേരളം താങ്കള്‍ക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും..
മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാന്‍ഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കണ്ണാത്തത് കണ്ണൂ……. കണ്ടിട്ടും കണ്ണാത്തത് പോലെ നടിക്കുന്നവര്‍ക്ക് ഇവിടെ മരുന്നില്ല…….. അവര്‍ വര്‍ഗ്ഗീയത പറഞ്ഞു നടക്കും', സ്മിജി കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരുടെ പേരെടുത്ത് നിങ്ങള്‍ വായിച്ചു നോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അങ്ങനെ പോകാന്‍ പാടുണ്ടോ? കാസര്‍കോട് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കു. നിങ്ങള്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒരമ്മപ്പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാവര്‍ക്കും മത്സരിക്കണം. എല്ലാവര്‍ക്കും ജനാധിപത്യപ്രകിയയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. മുസ്ലിം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന ധ്രുവീകരണം ആര്‍ക്കും മനസ്സിലാകാത്തത് അല്ല. മുസ്ലിം ലീഗ് ഒരു വിഭാഗത്തെ വര്‍ഗ്ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേയെന്നും മന്ത്രി ചോദിച്ചിരുന്നു.
Content Highlights: adv ap smiji against Minister Saji cherian over controversial Statement about malappuram