സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യതകുറവാണ്, തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാർത്തയാകാം: വി ശിവൻകുട്ടി

സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കട്ടെയെന്നും ശിവന്‍കുട്ടി

സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യതകുറവാണ്, തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാർത്തയാകാം: വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളാതെ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാര്‍ത്തയാകാമെന്നുമാണ് ശിവന്‍കുട്ടി പ്രതികരിച്ചത്. സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഒരു ഭാഗത്ത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നതും മറുവശത്ത് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ രേഖകള്‍ അടക്കം പുറത്തുവരികയും ചെയ്യുമ്പോള്‍ വര്‍ഗീയതയ്ക്ക് എതിരാണെന്ന് സമൂഹം എങ്ങനെ വിശ്വസിക്കും എന്ന് ശിവന്‍കുട്ടി ചോദിച്ചു. എസ്എന്‍ഡിപിക്കും എന്‍എസ്എസിനും മഹത്തായ പാരമ്പര്യം ഉണ്ട്. ഇത്തരം സംഘടനകള്‍ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണം. വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നത് ശരിയല്ല. വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് താന്‍ വര്‍ഗീയതയ്‌ക്കെതിരാണെന്ന് പറയുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായും സാമുദായിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പോര് സിപിഐഎമ്മിലില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കും എന്നാണ് കഴിഞ്ഞദിവസം എംഎ ബേബി പറഞ്ഞത്. അതില്‍ എല്ലാമുണ്ടെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഐഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറങ്ങിന്റെ ഭാഗമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Content Highlights: Saji Cherian will not make such a statement V sivankutty

dot image
To advertise here,contact us
dot image