മതനിരപേക്ഷത കേരളത്തിന്റെ ജീവശ്വാസം, എല്ലാവർക്കും അവരുടെ വിശ്വാസത്തിന് ഒപ്പം ജീവിക്കാൻ കഴിയും: മുഖ്യമന്ത്രി

'കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ഇല്ലാഞ്ഞിട്ടല്ല. അത്തരം ശക്തികള്‍ക്ക് തല പൊക്കാന്‍ ആകുന്നില്ല. ശക്തമായ നടപടി എടുക്കുന്നത് കൊണ്ടാണത്'

മതനിരപേക്ഷത കേരളത്തിന്റെ ജീവശ്വാസം, എല്ലാവർക്കും അവരുടെ വിശ്വാസത്തിന് ഒപ്പം ജീവിക്കാൻ കഴിയും: മുഖ്യമന്ത്രി
dot image

കോട്ടയം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവര്‍ക്ക് പുറമേ മുസ്‌ലിം വിഭാഗത്തെയും വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുകയാണ്. പുരോഹിതര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നു. ഇത് പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകേണ്ടതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോട്ടയം ചിങ്ങവനത്ത് ക്‌നാനായ സമുദായ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

2025 മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളെക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണം. ഈ കെട്ടകാലത്തും കേരളം പ്രത്യാശയുടെ തുരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണവും ക്രിസ്മസും ഈദുള്‍ ഫിത്തറും എല്ലാം നാടിന്റെ ആഘോഷങ്ങളാണ്. മതങ്ങളുടെ ആഘോഷം മാത്രമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടായിട്ടില്ല. ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും കുറഞ്ഞു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒന്നാണ്. ഈ കാഴ്ചപ്പാട് ആണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ക്രമസമാധാനനില ഭദ്രമായ ഒരു നാട് വേറെ അധികം കാണാന്‍ കഴിയില്ല. വര്‍ഗീയ ശക്തികള്‍ രാജ്യത്ത് വിഭാഗീയതയുടെ വിത്ത് പാകുകയാണ്. കേരളം അതിനെ പ്രതിരോധിച്ചു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ഇല്ലാഞ്ഞിട്ടല്ല. അത്തരം ശക്തികള്‍ക്ക് തല പൊക്കാന്‍ ആകുന്നില്ല. ശക്തമായ നടപടി എടുക്കുന്നത് കൊണ്ടാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത എന്നത് കേവലം ഒരു വാക്ക് അല്ല. അത് കേരളത്തിന്റെ ജീവശ്വാസം ആണ്. എല്ലാവര്‍ക്കും അവരുടെ വിശ്വാസത്തിന് ഒപ്പം ജീവിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷം ആയാലും അകറ്റി നിര്‍ത്തണം. മതസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ഗീയ ശക്തികളുടെ കൈ ഉയരില്ല. ജനങ്ങള്‍ക്ക് കാവലായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. വര്‍ഗീയ ശക്തികളോട് ഒരു സന്ധിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തിന്റെ പത്ത് വര്‍ഷകാലമായിരുന്നു കഴിഞ്ഞത്. കേരളത്തിലെ എല്ലാ മേഖലയിലും വലിയ വളര്‍ച്ചയാണുണ്ടായത്. ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണ് കേരളത്തില്‍. ഇതിനെല്ലാം ഇടയാക്കിയത് ജനങ്ങളുടെ പിന്തുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍പ്പെട്ട ജനങ്ങളെ കൈയൊഴിയുന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ കേരളം ദുരന്ത മുഖത്തെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി. അടുത്ത മാസം അവിടെയുള്ള ജനങ്ങളെ പുനരധിവസിപ്പാക്കാനുള്ള രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- Secularism is the lifebreath of kerala says Kerala Chief Minister pinarayi vijayan

dot image
To advertise here,contact us
dot image