ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍; എല്‍ഡിഎഫില്‍ തുടരും

ഒരിക്കലും തുറക്കാത്ത അധ്യായമാണ് മുന്നണി മാറ്റമെന്ന് ജോസ് കെ മാണി

ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍; എല്‍ഡിഎഫില്‍ തുടരും
dot image

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാന്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാല് എംഎല്‍എമാരും ഒരുമിച്ച് എത്തി. ഒരേ നിരയില്‍ ഒരുമിച്ചുള്ള നേതാക്കളുടെ വരവ് തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.

ഒരിക്കലും തുറക്കാത്ത അധ്യായമാണ് മുന്നണി മാറ്റമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഒരിക്കലും തുറക്കാത്ത പുസ്തകമാണതെന്നും ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കില്‍ വായിച്ച് അടച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നും മണിക്കൂര്‍ തോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.

'പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കിയതില്‍ അപ്പുറം എനിക്കൊന്നും പറയാനില്ല. ഒരു ആശയക്കുഴപ്പവും ഇല്ല. യാതൊരു തരത്തിലുമുള്ള സമ്മര്‍ദവും പാര്‍ട്ടിക്കില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴിലാണ് ഞാന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ഞങ്ങള്‍ ആരും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കെ എം മാണി പഠിപ്പിച്ച വഴിയേ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍', റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അഭിവാജ്യഘകടകമാണെന്ന് ഫ്രാന്‍സിസ് കളത്തുങ്കല്‍ എംഎല്‍എയും പ്രതികരിച്ചു. 'ഏതെങ്കിലും ഒരു സമയത്ത് ഞങ്ങള്‍ എവിടെയെങ്കിലും മുന്നണി മാറ്റമുണ്ടെന്നോ, അതിന് ആഗ്രഹിക്കുന്നുണ്ടോയെന്നോ ഒരു രഹസ്യ സംഭാഷണത്തില്‍ എങ്കിലും പറഞ്ഞതായി തെളിവുണ്ടെങ്കില്‍ കൊണ്ടു വാ. ഈ കഥകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല', റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നെങ്കിലും റോഷി അഗസ്റ്റിനും എംഎല്‍എമാര്‍ക്കും ഭിന്നാഭിപ്രായമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയായിരുന്നു. ഇതിന് വിരാമമിടുന്ന തരത്തിലായിരുന്നു കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ ഇന്നത്തെ പ്രഖ്യാപനം.

Content Highlights: Kerala Congress M leaders declaring unity in alliance news they stood with LDF

dot image
To advertise here,contact us
dot image