ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു; വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്

800 പേരുടെ വധശിക്ഷ ഇന്നലെ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചിരുന്നതായി ട്രംപിന് വിവരം ലഭിച്ചിരുന്നു

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു; വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്
dot image

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരിൽ 800 പേരെ വധശിക്ഷക്ക് വിധേയരാക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ശിക്ഷ മരവിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വെളിപ്പെടുത്തി. പ്രക്ഷോഭരെ അടിച്ചമർത്താനായി വധശിക്ഷ നടപ്പിലാക്കിയാൽ അതിഭീകരമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തെ ട്രംപ് നേരിട്ടറിയിച്ചതായി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാനിൽ പ്രതിഷേധങ്ങൾ കടുപ്പിച്ചതിന് ശേഷം ഏകദേശം 2400 ഓളം പേർ കൊല്ലപ്പെട്ടതായി ചില മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 800 പേരുടെ വധശിക്ഷ ഇന്നലെ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചിരുന്നതായുള്ള വിവരം ട്രംപിന് ലഭിച്ചതിനെ തുടർന്നാണ് ഇറാൻ അധികാരികളുമായി നേരിട്ട് സംസാരിച്ചതെന്നും കർശന മുന്നറിയിപ്പ് നൽകിയതെന്നും കരോലിൻ ലീവിറ്റ് വെളിപ്പെടുത്തു. തുടർന്നാണ് ഇറാൻ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞതെന്നും കരോലിൻ ലീവിറ്റ് വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ഇറാനിയൻ അധികാരികളെ സമ്മർദ്ദത്തിലാക്കാനുള്ള എല്ലാ വഴികളും ട്രംപിന് മുന്നിലുണ്ടെന്ന് വെളിപ്പെടുത്തിയ കരോലിൻ ലീവിറ്റ് അമേരിക്കൻ ട്രഷറി അഞ്ച് ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായും വ്യക്തമാക്കി. അതേസമയം ഇറാനിയൻ നേതാക്കളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചതായും കരോലിൻ ലീവിറ്റ് പറഞ്ഞു. ഇറാനിൽ നടക്കുന്ന സംഭവികാസങ്ങൾ ട്രംപ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും പ്രക്ഷോഭകർക്കെതിരെ വധശിക്ഷ നടപ്പിലാക്കില്ല എന്ന് ഇറാനിയൻ അധികാരികളിൽ നിന്ന് ട്രംപിന് ഉറപ്പ് ലഭിച്ചതായും കരോലിൻ ലീവിറ്റ് വെളിപ്പെടുത്തി. അതേസമയം പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: Iran stepped back from 800 executions planned on yesterday just after Trump's warning says White House press secratory Karoline Leavitt.

dot image
To advertise here,contact us
dot image