'സ്വവർഗാനുരാഗം മനോരോഗം, ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം'; വീണ്ടും വിവാദ പരാമർശവുമായി കെ എം ഷാജി

പീഡോഫീലിയ സെക്‌സല്ലേയെന്നും കെ ഷാജി ചോദിച്ചു

'സ്വവർഗാനുരാഗം മനോരോഗം, ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം'; വീണ്ടും വിവാദ പരാമർശവുമായി കെ എം ഷാജി
dot image

കോഴിക്കോട്: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നും കെ എം ഷാജി പറഞ്ഞു. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസിന്റെ അഭിമുഖ പരിപാടി 'നേരോ നേതാവെ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാന്‍ പറ്റില്ല. ലെസ്ബിയന്‍സിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ സ്വവര്‍ഗാനുരാഗത്തെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. അത് മനോരോഗമാണ്. അതിനെ ചികിത്സിക്കണം. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം', കെ എം ഷാജി പറഞ്ഞു.

ടി പി ചന്ദ്രശേഖരനെ കൊന്ന് 51ാമത്തെ വെട്ട് വെട്ടുന്ന ഷാഫിക്ക് ചീറ്റിത്തെറിക്കുന്ന രക്തം കാണുമ്പോള്‍ ഭയങ്കര സംതൃപ്തിയാണ്. അത് സൈക്കോളജിക്കല്‍ പ്രശ്‌നമാണ്. അവന്റെ മാനസിക-ശാരീരിക പ്രശ്‌നം പരിഹരിക്കാന്‍ സമൂഹം അനുവദിക്കുമോയെന്നും ഉദാഹരണമെന്ന നിലയില്‍ കെ എം ഷാജി പറഞ്ഞു. പീഡോഫീലിയ സെക്‌സല്ലേയെന്നും കെ ഷാജി ചോദിച്ചു.

'നിയമത്തേയും ഈ രാജ്യത്തെ സാമൂഹ്യ സാഹചര്യത്തെയും അപകടപ്പെടുത്തുന്ന കാര്യത്തെ അംഗീകരിച്ചാല്‍ സാമൂഹിക ക്രമം തകര്‍ന്നു പോകും. ശാരീരിക ഇച്ഛകള്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകും. വോട്ടുകള്‍ക്ക് വേണ്ടി എന്നല്ല, ഒരു കാരണവശാലും ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല. അത് എന്റെ സ്വാതന്ത്ര്യമാണ്. അത് പറയാന്‍ എനിക്ക് മടിയില്ല', കെ എം ഷാജി പറഞ്ഞു. നേരത്തെയും സ്വവര്‍ഗാനുരാഗത്തെ അവഹേളിച്ച് കെ എം ഷാജി രംഗത്ത് വന്നിരുന്നു. എല്‍ജിബിടിക്യു തല്ലിപ്പൊളി പരിപാടിയാണെന്നായിരുന്നു മുമ്പ് കെ എം ഷാജി പറഞ്ഞത്. എല്‍ജിബിടിക്യു എന്ന പദം പോലും അപകടരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: K M Shaji has again made remarks against the LGBTQ community

dot image
To advertise here,contact us
dot image