എസ്‌കോർട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാന്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി

എസ്‌കോര്‍ട്ട് വേണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു

എസ്‌കോർട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാന്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി
dot image

തിരുവനന്തപുരം: മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പ്ലാന്റ് ചെയ്ത വിചിത്രമായ വാര്‍ത്തയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

എക്‌സൈസ് മന്ത്രിയ്ക്ക് എസ്‌കോര്‍ട്ട് വേണമെന്ന വാര്‍ത്ത വ്യാജമാണ്. മൂന്നര വര്‍ഷമായി ഇല്ലാത്ത എസ്‌കോര്‍ട്ട് ഇപ്പോള്‍ എന്തിനാണെന്നും കമ്മീഷണറെ ലക്ഷ്യം വെച്ചാണെങ്കില്‍ എന്തിന് മന്ത്രിയെ വലിച്ചിടണമെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അസംബന്ധം വാര്‍ത്ത കാര്‍ഡായി ഇറക്കുകയാണ്. എസ്‌കോര്‍ട്ട് വേണമെന്ന ഉത്തരവ് എവിടെയാണുള്ളത്?. എസ്‌കോര്‍ട്ട് വേണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചിട്ടില്ലെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടത്. അതു ചെയ്യാത്തവരോടും സേനയുടെ അച്ചടക്കം പാലിക്കാത്തവരോടും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'മന്ത്രിക്ക് എക്സൈസ് എസ്കോർട്ട് പോകാൻ കമ്മീഷണറുടെ ഉത്തരവ് എന്നതാണ് ഇന്നത്തെ വിവാദവാർത്ത. അതുടൻ കാർഡായി ലക്ഷക്കണക്കിനാളുകളിൽ എത്തി. മന്ത്രി പറഞ്ഞു, കമ്മീഷണർ ഉത്തരവിട്ടു എന്ന് കുറച്ചു പേർ വിശ്വസിച്ചേക്കാം. മൂന്നര വർഷമായി മന്ത്രിയായിട്ട്. മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ല എക്സൈസിൻ്റെ ജോലി എന്നതിൽ എനിക്ക് സംശയമില്ല .ഇതുവരെയില്ലാത്ത പുതിയ എസ്കോർട്ടിൻ്റെ ആവശ്യം ഇപ്പോൾ തീരെയില്ല.

വാർത്ത വരുമ്പോൾ ഞാൻ കിലയിൽ മേയർ, മുൻസിപ്പൽ ചെയർപേഴ്സൺ, ജില്ലാ- ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒരു ഔദ്യോഗിക യോഗത്തിലായിരുന്നു. ആ യോഗം 3 മണിക്കൂർ നീണ്ടു. കമ്മീഷണറുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹത്തെ എന്റെ ഓഫീസ് ബന്ധപ്പെട്ട് അങ്ങനെ ഒരു ഉത്തരവ് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ജില്ലയിൽ വരുമ്പോൾ അതാത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണം എന്ന നിർദ്ദേശം മാത്രമാണത്രെ നൽകിയത്.

എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണ്. അത് ശക്തമായി തുടരും. കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല. എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടത്.അതു ചെയ്യാത്തവരോടും സേനയുടെ അച്ചടക്കം പാലിക്കാത്തവരോടും വിട്ടുവീഴ്ചയുണ്ടാവില്ല. ഇനി തെരഞ്ഞെടുപ്പ് കാലമല്ലേ. ഇങ്ങനെ പലതും പ്രതീക്ഷിക്കാം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണ്'.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍ നിര്‍ദേശം നൽകിയെന്നായിരുന്നു വാർത്ത. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശമെന്നും വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നതെന്നും വാർത്ത വന്നിരുന്നു.

ഇന്നലെ ചേര്‍ന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് വിവരം. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ മന്ത്രി എം ബി രാജേഷ് കടുത്ത അതൃപ്തി അറിയിച്ചതായും വിവരമുണ്ടായിരുന്നു. സംഭവം വാര്‍ത്തയായതോടെ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് അജിത് കുമാറുമായി ബന്ധപ്പെട്ടു. ജില്ലയുടെ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍, മന്ത്രി അതാത് ജില്ലയില്‍ എത്തുമ്പോള്‍ ബ്രീഫ് ചെയ്യാറുണ്ടെന്നും അതില്‍ അടുത്തിടെ ചില വീഴ്ചകള്‍ സംഭവിച്ചെന്നുമാണ് എക്‌സൈസ് കമ്മീഷര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശദീകരിച്ചു.

Content Highlights: mb rajesh clarifies did not order minister escort

dot image
To advertise here,contact us
dot image