

കണ്ണൂര്‍: ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് ബ്ലാക്കിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വാങ്ങാന്‍ എത്തിയവര്‍ തട്ടിയെടുക്കുകയായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളെ പേരാവൂര്‍ പൊലീസ് പിടികൂടി. ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്.
ഡിസംബര്‍ 30 ന് അടിച്ച ലോട്ടറി ടിക്കറ്റാണ് സാദിഖ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോട്ടറി ബ്ലാക്കിൽ വിറ്റ് മുഴുവന്‍ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയാണ് പേരാവൂരില്‍ വെച്ച് ലോട്ടറി കൈമാറാന്‍ സാദിഖും സുഹൃത്തും ശ്രമിച്ചത്. ഇവരുമായി സംസാരിക്കുന്നതിനിടെ സംഘം ലോട്ടറി തട്ടിയെടുത്ത് സുഹൃത്തിനെ വാനില്‍ ബലംപ്രയോഗിച്ച് കയറ്റി തട്ടിക്കൊണ്ടുപോവുകയും മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കടന്നുകളഞ്ഞു. ശുഹൈബ് വേറെയും തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
Content Highlights: Complaint of being robbed of the Stree Shakti lottery that won Rs. 1 crore at kannur