റെസ പഹ്‌ലവി വളരെ നല്ലവൻ: ഇറാനിലെ മുൻഭരണാധികാരി ഷായുടെ മകനെ പ്രകീർത്തിച്ച് ട്രംപ്, പക്ഷെ പൂർണ്ണ പിന്തുണയില്ല

റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം

റെസ പഹ്‌ലവി വളരെ നല്ലവൻ:  ഇറാനിലെ മുൻഭരണാധികാരി ഷായുടെ മകനെ പ്രകീർത്തിച്ച് ട്രംപ്, പക്ഷെ പൂർണ്ണ പിന്തുണയില്ല
dot image

ന്യൂയോർക്ക്: ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനിലെ ഭരണാധികാരിയായിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനും ഇറാനിലെ പ്രതിപക്ഷത്തിൻ്റെ മുഖവുമായി വിശേഷിപ്പിക്കപ്പെടുന്ന റെസ പഹ്‌ലവിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട റെസ പഹ്‌ലവി വളരെ നല്ലവനായി തോന്നുന്നു എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. എന്നാൽ ഇറാനിൽ സ്വന്തം നിലയിൽ പിന്തുണ നേടി അധികാരം ഏറ്റെടുക്കാൻ റെസ പഹ്‌ലവിക്ക് കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.

റെസ പഹ്‌ലവിക്ക് പൂർണ്ണ പിന്തുണ നൽകാനും ട്രംപ് മടിച്ചു. 'അദ്ദേഹം വളരെ നല്ലവനാണെന്ന് തോന്നുന്നു, പക്ഷേ സ്വന്തം രാജ്യത്ത് അദ്ദേഹം എങ്ങനെ പ്രവർത്തിക്കുമെന്ന് എനിക്കറിയില്ല. നമ്മൾ ഇതുവരെ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ രാജ്യം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, തീർച്ചയായും അവർ അംഗീകരിക്കുകയാണെങ്കിൽ, അത് എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാനിലെ പൗരോഹിത്യ നിയന്ത്രണത്തിലുള്ള സർക്കാർ തകരാൻ സാധ്യതയുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഹ്‌ലവിയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേയ്ക്ക് മടങ്ങി വരുമെന്ന് നേരത്തെ റെസ പഹ്‌ലവി പറഞ്ഞിരുന്നു. 'ദേശീയ വിപ്ലവത്തിന്റെ വിജയ സമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു' എന്നായിരുന്നു എക്സ് പോസ്റ്റിലൂടെ റെസ പഹ്‌ലവിയുടെ പ്രതികരണം. തെരുവിലിറങ്ങി നഗരകേന്ദ്രങ്ങൾ പിടിച്ചെടിക്കണമെന്നും റെസ പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് തൊഴിലാളികളോടും റെസ പഹ്‌ലവി ആവശ്യപ്പെട്ടിരുന്നു.

1978ലാണ് ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണകൂടത്തെ പിടിച്ച് കുലുക്കുന്ന പ്രക്ഷോഭം ഇറാനിൽ അരങ്ങേറിയത്. ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷേഭം. ഇതിന് പിന്നാലെ 1979ൽ ഷാ സ്ഥാനത്യാ​ഗം ചെയ്യാതെ ഈജിപ്റ്റിലേയ്ക്ക് പലായനം ചെയ്തു. ഇതിന് പിന്നാലെ നാടുകടത്തപ്പെട്ടിരുന്ന റൂഹുള്ള ഖൊമൈനി ഇറാനിൽ തിരിച്ചെത്തുകയും രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയുമായിരുന്നു. 1980ൽ കെയ്റോയിൽ വെച്ച് ഷാ മുഹമ്മദ് റെസ പഹ്‌ലവി നിര്യാതനായി. ഇതിന് പിന്നാലെ റെസ പഹ്‌ലവി സ്വയം ഷാ ആയി പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ പരിഷ്കരണവാദികൾ നേരത്തെയും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്ന ഘട്ടങ്ങളിലെല്ലാം റെസ പഹ്‌ലവിയെ പിന്തുണച്ചിരുന്നു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ളവർ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇറാനിൽ രാഷ്ട്രീയ പ്രക്ഷോഭം നടക്കുന്നത്. ഇറാനിയൻ റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിൽ മരണസംഖ്യ 2000 കടന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരുന്നു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർ​​​ഗങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്തിട്ടുണ്ട്.

Content Highlights:  US President Donald Trump called Iran's exiled opposition figure Reza Pahlavi, son of the late Shah, "very nice" amid ongoing protests against the clerical regime. However, Trump expressed doubts about Pahlavi's ability to garner support inside Iran and refrained from offering full backing, as reported in his January 2026 Reuters interview.

dot image
To advertise here,contact us
dot image