

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുമായ ഫെന്നി നൈനാനെതിരെ കേസ്. രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഫൈന്നി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. നേരത്തെയും രാഹുലിനെ ന്യായീകരിച്ച് ഫെന്നി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചെന്നോണമാണ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചത്.
ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമര്‍ശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ച വിവരവും താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ് മൂന്നാമത്തെ
പരാതിക്കാരിയുടെ മൊഴി. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു.
Content Highlights: Rahul Mamkootathil case cyber attack Case against fenni nainan