

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കൊൽക്കത്ത പോലീസിനും സുപ്രീം കോടതിയിൽ തിരിച്ചടി. ഐ-പാക് റെയ്ഡിൽ ഇഡിക്കെതിരെ കൊൽക്കത്ത പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി മരവിപ്പിച്ചു.
ഐ-പാക് റെയ്ഡ് നടക്കുന്നതിനിടെ മമത ബാനർജിയും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി രേഖകളും മറ്റ് വിവരങ്ങളും തട്ടിയെടുത്തു എന്നാരോപിച്ചുകൊണ്ട് ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അസ്വാഭാവിക ഇടപെടൽ നടന്നത്. സംഭവത്തിൽ ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ഇഡി സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
സംഭവത്തിൽ കൊൽക്കത്ത ആഭ്യന്തര വകുപ്പ്, പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പ്, മമത ബാനർജി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവരോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രസ്തുത കേസിൽ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീം കോടതി മറുപടി തേടിയിട്ടുണ്ട്.
ഇഡി നൽകിയ ഹർജി പ്രഥമ ദൃഷ്ട്യാ ഏറെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന ഏജൻസിയുടെ ഇടപെടൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഇതിന് ഉത്തരം ലഭിച്ചില്ലെങ്കിൽ ഏറെ അരാജകത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ ഉള്ള നീക്ഷണം മാത്രമാണെന്ന് എടുത്ത് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര ഏജൻസി ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമായാണെങ്കിൽ ഉയരുന്ന ചോദ്യം 'ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ?' എന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിൽ നിന്ന് രേഖകൾ എടുത്തുകൊണ്ടുപോയ മമതയുടെ ഇടപെടലിനെ 'മോഷണം' എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ മന്ത്രിയും പോലീസുകാരും ഒരു പരിധിയുമില്ലാതെ ഇത്തരം കേസിൽ ഇടപെട്ടാൽ ഭാവിയിൽ സമാന സംഭവങ്ങൾ ഉണ്ടായാൽ പോലീസിന് ഇപ്പോൾ ചെയ്തത് പോലെ ചെയ്യാനുള്ള പ്രവണത ഉണ്ടാകുമെന്നും അതിനാൽ കൊൽക്കത്ത പൊലീസിലെ ഉന്നതരെ കുറ്റക്കാരെന്ന് കണ്ട് സസ്‌പെൻഡ് ചെയ്യണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു. കൂടാതെ ജനുവരി 9ന് കൽക്കട്ട ഹൈക്കോടതിയിൽ നടന്നത് അരാജകത്വമാണെന്നും തുഷാർ മേത്ത വാദിച്ചു. ഒരു പ്രത്യേക സമയത്ത് ഹൈക്കോടതിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകർക്ക് വാട്സാപ്പ് സന്ദേശം ലഭിച്ചതായും ഇതനുസരിച്ച് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ അഭിഭാഷകർ ഹൈക്കോടതിയിലെത്തി കോടതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തിയെന്നും തെളിവ് സഹിതം തുഷാർ മേത്ത സുപ്രീം കോടതിയെ ധരിപ്പിച്ചു. വാദം കേട്ട സുപ്രീം കോടതി ബെഞ്ച് 'ഹൈക്കോടതി ജന്തർ മന്തർ ആയി മാറിയോ' എന്ന ചോദ്യമാണ് ഉയർത്തിയത്.
അതേസമയം മമത ബാനർജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ഇഡി റെയ്‌ഡിനെ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രപ്രധാനമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഐ-പാക് എന്നിരിക്കെ സുപ്രധാനമായ പല രേഖകളും അവിടെ ഉണ്ടാകും എന്ന് ആർക്കാണ് അറിയാത്തത് എന്ന ചോദ്യവും ഉന്നയിച്ചു. ഇത്തരം രേഖകൾ പിടിച്ചെടുത്താൽ പാർട്ടി എങ്ങനെ സുതാര്യമായി ഇലക്ഷൻ നേരിടും എന്നും ചോദിച്ചു.
പാർട്ടിയുടെ രഹസ്യങ്ങൾ സംരക്ഷിക്കാനാണ് മമത അവിടെ പോയതെന്നും ആ വികാരത്തെ മനസിലാക്കണമെന്നും ബംഗാൾ സർക്കാരിനും ഡിജിപിക്കും വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്വി ഉന്നയിച്ചപ്പോൾ 'വികാരങ്ങൾ എല്ലാപ്രവിശ്യവും കൈവിട്ട് പോകുന്നത് പരിഗണനയിൽ എടുക്കാൻ സാധിക്കില്ല' എന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഐ-പാക് റെയ്ഡിന്റെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫെബ്രുവരി 3ന് വീണ്ടും പരിഗണിക്കും.
ഇത് ആദ്യമായല്ല മമത ബാനർജിയും ഇഡിയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഹൈക്കോടതി പരിഗണിച്ച മറ്റൊരു കേസിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മമതയുടെ പ്രവൃത്തി 'ഏറെ അസ്വസ്ഥപ്പെടുത്തുന്നത്' എന്ന് വിശേഷിപ്പിച്ചിരുന്നു.
Content Highlights: A setback for West Bengal Chief Minister Mamata Banerjee and the Kolkata Police in the Supreme Court. The setback comes as the Supreme Court stayed the FIR registered by the Kolkata Police against the ED in connection with the I-PAC raid.