

തൊടുപുഴ: 30 വര്‍ഷത്തിലേറെ തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിചാരകനായിരുന്ന കാരിക്കോട് കിഴക്കുംപറമ്പില്‍ നാസര്‍ ഹമീദ് (62) വിടപറഞ്ഞു.
ഇക്കഴിഞ്ഞ ആറിനാണ് പെരുന്നാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നാസറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചിന് നാസർ പള്ളിയിലെത്തും. വിളക്ക് കൊളുത്തി പള്ളി മണിയടിക്കുന്നതോടെ നാസറിന്റെ ഒരു ദിനം ആരംഭിക്കും. പള്ളിയും പരിസരവും വൃത്തിയാക്കുന്നതടക്കമുള്ള എല്ലാ ജോലിയും കഴിഞ്ഞ് വൈകിട്ട് 6.15നുള്ള പള്ളി മണിയുമടിച്ച് ഗേറ്റും പൂട്ടി മടക്കം. യാക്കോബായ പള്ളിയിലെ ഓരോ അംഗത്തിനും നാസറുമായുള്ള ആത്മബന്ധം വളരെ വലുതായിരുന്നു.
ആദ്യം തൊടുപുഴ മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടമായിരുന്നു നാസറിന്. മാര്‍ക്കറ്റിനുള്ളിലെ ചെറിയ കുരിശുപള്ളി വൃത്തിയാക്കി തുടങ്ങിയതാണ് ഈ ആത്മബന്ധം. പിന്നീട് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള പള്ളി പുതുക്കി പണിതപ്പോള്‍ ജോലിക്കാരനായി കൂടുകയായിരുന്നു.
ജോലിയിലെ ആത്മാര്‍ത്ഥതയും പരിശ്രമവും കണ്ട് ഇഷ്ടപ്പെട്ട വികാരിയച്ചനും പള്ളി കമ്മിറ്റിക്കാരും നാസറിനെ ആദ്യം പള്ളിയിലെ ജീവനക്കാരനാക്കി. പള്ളിയിലെ കല്‍വിളക്ക്, ഹാള്‍, സെമിത്തേരി തുടങ്ങിയ എല്ലാം വൃത്തിയാക്കുന്നതടക്കം എല്ലാ ജോലിയും നാസർ ചെയ്തിരുന്നു. ഇടവകയില്‍ മരണമുണ്ടായാലും കല്യാണമുണ്ടായാലും മുഴുവന്‍ സമയവും നാസറുണ്ടാകും. ഞായര്‍ ദിവസം കുര്‍ബാനയ്ക്ക് ശേഷം പള്ളിയിലെത്തുന്ന വേദപാഠക്ലാസിലെ കുട്ടികളടക്കം ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതും നാസറായിരുന്നു. ഷാഹിനയാണ് നാസറിന്റെ ഭാര്യ. ബാദുഷ, ബാസിം, ബീമാ എന്നിവര്‍ മക്കളാണ്.
Content Highlights: st marys jacobite syrian church thodupuzha caretaker nasar dies