'റിയാസിനെതിരെ മത്സരിക്കണം'; ബേപ്പൂരില്‍ സജീവമാകാന്‍ അന്‍വറിന് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം

ബേപ്പൂരില്‍ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അന്‍വറിന് മേൽ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന

'റിയാസിനെതിരെ മത്സരിക്കണം'; ബേപ്പൂരില്‍ സജീവമാകാന്‍ അന്‍വറിന് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
dot image

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ കോഴിക്കോട് ബേപ്പൂരില്‍ മത്സരിക്കണമെന്ന നിര്‍ദേശവുമായി യുഡിഎഫ് നേതൃത്വം. മണ്ഡലത്തില്‍ സജീവമാകാന്‍ അന്‍വറിന് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കി. ബേപ്പൂരില്‍ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അന്‍വറിന് മേൽ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പി വി അന്‍വര്‍ മത്സരിച്ചാല്‍ കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാനാണ് മുന്നണിയിലെ ആലോചന.

ബേപ്പൂരില്‍ പി വി അന്‍വര്‍ വരികയാണെങ്കില്‍ മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം നടക്കും. അതിനൊപ്പം തന്നെ സമീപ സ്ഥലങ്ങളിലും ഇതിന്റെ ഒരു ആഘാതം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ അല്ലാതെ മറ്റ് സീറ്റുകള്‍ തേടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ യുഡിഎഫ് പറയുന്നതനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി വലിയ തരത്തിലുള്ള പ്രചാരണ പരിപാടികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സൂചനകളുണ്ട്.

നേരത്തെ ബേപ്പൂരിലും പട്ടാമ്പിയിലും അന്‍വറിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'പിണറായിസം അവസാനിപ്പിക്കാന്‍ പട്ടാമ്പിയുടെ മണ്ണിലേക്ക് പി വി അന്‍വറിന് സ്വാഗതം' എന്നായിരുന്നു പട്ടാമ്പിയിലെ ഫ്ളക്സിലെ വാചകങ്ങള്‍. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകള്‍ മന്ത്രിയുടെ മണ്ഡലത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ടുകൊണ്ട് പി വി അന്‍വര്‍ മുമ്പ് പറഞ്ഞത്.

Content Highlights: The United Democratic Front has directed P V Anvar to contest the Beypore constituency against state minister P A Muhammed Riyas

dot image
To advertise here,contact us
dot image