ഐഷ പോറ്റി പാര്‍ട്ടി വിട്ടത് വേദനയുണ്ടാക്കുന്നത്, പരാതികള്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നു: എം എ ബേബി

ഐഷ പോറ്റിക്ക് പരാതികളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നുവെന്നും കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു

ഐഷ പോറ്റി പാര്‍ട്ടി വിട്ടത് വേദനയുണ്ടാക്കുന്നത്, പരാതികള്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നു: എം എ ബേബി
dot image

തിരുവനന്തപുരം: ഐഷ പോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. വ്യക്തിപരമായി അടുപ്പമുളള ആളാണ് ഐഷയെന്നും അവര്‍ പാര്‍ട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നതാണെന്നും എം എ ബേബി പറഞ്ഞു. പാര്‍ട്ടി അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് തനിക്കറിയില്ലെന്നും എതിര്‍ പാളയത്തിലേക്ക് പോകുന്നത് വാര്‍ത്തയാക്കാന്‍ കഴിയുന്ന രീതിയില്‍ അവസരം നല്‍കിയത് സിപിഐഎമ്മാണെന്നും എം എ ബേബി പറഞ്ഞു. ഐഷ പോറ്റിക്ക് പരാതികളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കാമായിരുന്നുവെന്നും കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഐഷ പോറ്റിയെ പാര്‍ട്ടി മൂന്നുതവണ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. എന്നിട്ടും അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മതിപ്പുണ്ടാക്കുന്ന തീരുമാനമല്ല അത്. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ല. ഐഷ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ചൊക്കെ പ്രതികരണങ്ങള്‍ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമമുണ്ടാക്കുന്നതാണ്'- എം എ ബേബി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹത്തിലും എം എ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും ഉണ്ടായാല്‍ തന്നോട് തുറന്നുപറയുന്ന ആളാണ് ജോസ് കെ മാണിയെന്നുമാണ് എം എ ബേബി പറഞ്ഞത്.

ഐഷ പോറ്റി വര്‍ഗവഞ്ചകയാണ് എന്നാണ് തോമസ് ഐസക് പറഞ്ഞത്. സിപിഐഎമ്മാണ് ശരിയെന്നും പാര്‍ട്ടി വിട്ട് പോകുന്നവര്‍ തെറ്റായ വഴിയിലാണെന്നും തോമസ് ഐസക് പറഞ്ഞു. സിപിഐഎമ്മിലേക്ക് വരുന്നവര്‍ ശരിയുടെ പാതയിലാണെന്നും ഐഷ പോറ്റിക്ക് പാര്‍ട്ടിക്കുളളില്‍ ഒരു അവഗണനയും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് മുന്നണി വിടില്ലെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Also Read:

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി ഇന്നലെയാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. കോൺഗ്രസിന്റെ ഒരു പ്രതിഷേധ പരിപാടിയിൽവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിന്റെ ഷാൾ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ പോറ്റി. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Content Highlights: m a baby react to cpim ex mla aisha potty joins congress

dot image
To advertise here,contact us
dot image