'ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി'; വിമർശനവുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

സംഘടനാകാര്യങ്ങൾക്ക് കച്ചവടസ്വഭാവത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്നും വിമർശനം

'ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി'; വിമർശനവുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി
dot image

ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലയളവിൽ യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ പ്രവണതകൾ കടന്നുകൂടിയെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ക്യാമ്പ് എക്‌സിക്യുട്ടീവിൽ വിമർശനം. സംഘടനാകാര്യങ്ങൾക്ക് കച്ചവടസ്വഭാവത്തിലുള്ള വാക്കുകൾ ഉപയോഗിച്ചെന്നും സംഘടനാ മീറ്റുകളെ തെറ്റായി അഭിസംബോധന ചെയ്യുന്നതിൽ ജാഗ്രത വേണമെന്നും പ്രമേയം.

'സംഘടനാപരമായി അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഓരോരുത്തരും സ്വയം ചിന്തിക്കുന്നതോടൊപ്പം കഴിഞ്ഞ അര ദശാബ്ദത്തിലായി സംഘടനയിൽ അനഭിലഷണീയമായി കടന്നുവന്ന പുട്ടിന് പീര ചേർക്കുന്നത് പോലെയുള്ള ബിസിനസ് മീറ്റ്, റാങ്ക് ആൻഡ് ഫയൽ തുടങ്ങിയ പ്രയോഗങ്ങൾ പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തലാണ് എന്ന് കമ്മിറ്റി വിലയിരുത്തുന്നു' വെന്നാണ് പ്രമേയത്തിലെ പരാമർശം.

'താഴെ തട്ടിൽ പണിയെടുത്തു കടന്നുവന്ന യുവചേതനയുടെ സംഘടനാപരമായ ഒത്തുചേരലുകൾ, ചർച്ചകൾ എന്നിവ നാളെയുടെ കോൺഗ്രസിന്റെയും ഈ നാടിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ദിശാ സൂചികകൾ ആണ്. അല്ലാതെ ഏതെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളുടെ കോഫി ടേബിൾ അല്ല എന്ന് ഓർമിപ്പിക്കുകയാണെന്നും' പ്രമേയത്തിൽ വിമർശനമുണ്ട്.

ജനങ്ങൾ തങ്ങൾക്ക് വേണ്ട എന്ന് ഒന്നിലധികം തവണ വിധിച്ച സ്ഥാനാർത്ഥികളെ അവർക്ക് മേൽ വീണ്ടും കെട്ടിവെയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആ പരീക്ഷണങ്ങൾക്കായി ഒഴിച്ചിട്ടവയല്ല ആലപ്പുഴയിലെ നിയമസഭ മണ്ഡലങ്ങളെന്നും നേതൃത്വം തീരുമാനിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

2020ലാണ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായത്. പിന്നാലെ പദവിയിൽനിന്നും ഇറങ്ങിയതിന് ശേഷം 2023 നവംബറിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. ബലാത്സംഗ പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനത്ത്നിന്ന് രാജിവെക്കുകയായിരുന്നു.

Content Highlights : During the tenures of Shafi Parambil and Rahul Mankootathil, undesirable tendencies infiltrated the Youth Congress; criticism raised at the Youth Congress Alappuzha district camp executive

dot image
To advertise here,contact us
dot image