

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ പാർട്ടിയെ എല്‍ഡിഎഫിനൊപ്പം തന്നെ നിർത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി സിപിഐഎം നേതൃത്വം. കേരള കോണ്‍ഗ്രസ് എമ്മിനെ എൽഡിഎഫിനൊപ്പം തന്നെ നിലനിർത്താൻ 'പ്ലാന്‍ എ, പ്ലാന്‍ ബി' എന്നിങ്ങനെ രണ്ടു തലങ്ങളിലായുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.
പ്ലാൻ എ പ്രകാരം, ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ എൽഡിഎഫിൽ തന്നെ തുടരാൻ സമ്മതിപ്പിക്കുന്നതിനാണ് ആദ്യ ശ്രമം. ജോസുമായി സംസാരിക്കാന്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎൻ വാസവനെ സിപിഐഎം ചുമതലപ്പെടുത്തി. ശബരിമല ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ തിരികെ എത്തുന്ന വാസവൻ ജോസ് കെ. മാണിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ജോസ് കെ മാണി എൽഡിഎഫ് വിടുമെന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പ്ലാൻ ബി നടപ്പാക്കാനാണ് സിപിഐഎം തയ്യാറെടുക്കുന്നത്. കേരള കോൺഗ്രസ് (എം) പിളർത്തി ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഷി അഗസ്റ്റിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജോസ് കെ മാണി മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുക എന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും റോഷി അഗസ്റ്റിനൊപ്പം നിന്നേക്കും. പാർട്ടി പിളർത്തി പുറത്തേക്ക് വന്നാൽ രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നൽകാമെന്ന ഉറപ്പ് സിപിഎം നല്‍കും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എൽഡിഎഫിനും സർക്കാരിനും നിർണായകമാണെന്ന വിലയിരുത്തലിലാണ് സിപിഐഎം ഈ ഇരട്ട തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നത് എൽഡിഎഫിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റ ചർച്ചകള്‍ സജീവമാകുന്നതിനിടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മാണി സി കാപ്പന് യുഡിഎഫ് നിർദേശം നല്‍കി. മുസ്‌ലിം ലീഗിന്റെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
തിരുവമ്പാടി സീറ്റിലെ സാധ്യതകള്‍ അറിയാനാണ് കൂടിക്കാഴ്ച നടത്തിയത്.
കുഞ്ഞാലിക്കുട്ടിക്കൊപ്പം താമരശ്ശേരി ബിഷപ്പുമായി ബന്ധപ്പെട്ട സഭാ പ്രതിനിധികളുമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മാണി സി കാപ്പനോട് പാല വിട്ടുനല്‍കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരികയാണെങ്കില്‍ പാലാ സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് നീക്കം.
content Highlights: CPI(M) has decided to implement a Plan B if Jose K Mani leaves the LDF, with Pinarayi Vijayan given responsibility to handle the situation