

കൊല്‍ക്കത്ത: രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സി നടത്തിയ റെയ്ഡുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തൃണമൂല്‍ കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജികള്‍ ഒത്തുതീർപ്പാക്കി കൊല്‍ക്കത്ത ഹൈക്കോടതി. കേസില്‍ ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിനിടെ, ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അതേസമയം, റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡാറ്റയ്ക്ക് കോടതി സംരക്ഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവാണ് ഇഡിക്ക് വേണ്ടി ഹാജരായത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് എസ്‌വി രാജു കോടതിയെ അറിയിച്ചു. കേസ് മാറ്റിവെയ്ക്കണം. തിടുക്കം ആവശ്യമില്ല. പരിശോധന തടസപ്പെടുത്തിയത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. രേഖകള്‍ കൊണ്ടുപോയത് ഇഡിയല്ല, മമതയാണെന്നും എസ് വി രാജു കോടതിയില്‍ പറഞ്ഞു. മമത രേഖകള്‍ നേരിട്ട് എടുത്തുകൈാണ്ടുപോയി. രേഖകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. മമത കുറ്റം ചെയ്തു. മമതയെ പ്രതി ചേര്‍ക്കണമെന്നും ഇഡി ആവശ്യപ്പെട്ടു.
ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനയെന്നായിരുന്നു ടിഎംസിയുടെ വാദം. ഇഡിയുടെ ഹര്‍ജി എന്താണെന്ന് അറിയില്ല. നടപടി അസാധാരണമാണ്. രാഷ്ട്രീയ രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് രേഖകള്‍ മാറ്റിയത്. രാഷ്ട്രീയ രേഖകള്‍ക്ക് സംരക്ഷണം വേണമെന്നും ടിഎംസി കോടതിയില്‍ വ്യക്തമാക്കി.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായാണ് കൊല്‍ക്കത്തയിലെ ഐ-പാക് ഓഫീസിലും സ്ഥാപകനായ പ്രതീക് ജെയിനിന്റെ വസതിയിലും ഇഡി പരിശോധന നടത്തിയത്. റെയ്ഡ് പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കൊപ്പം സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു എന്നായിരുന്നു പരാതി.
അന്വേഷണം സര്‍ക്കാരും മമത ബാനര്‍ജിയും ചേര്‍ന്ന് തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നീതിപൂര്‍വ്വമായ അന്വേഷണത്തിന് അവകാശമുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇ ഡി നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ തടസ ഹര്‍ജി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.
Content Highlights: kolkata high court hearing on enforcement directorate raid ipac