'വന്ദേഭാരത് സ്ലീപ്പർ യാത്രക്കാർ ടോയ്‌ലറ്റ് മാനേഴ്സ് പഠിക്കണം': റെയില്‍വെ ഉദ്യോഗസ്ഥന്‍റെ പോസ്റ്റില്‍ വന്‍ ചർച്ച

ജനുവരി 9ന് പുറത്തിറക്കിയ റെയിൽവേ ബോർഡ് സർക്കുലർ പ്രകാരം കുറഞ്ഞത് 400 കിലോമീറ്ററിന്റെ ചാർജ് ഈടാക്കും

'വന്ദേഭാരത് സ്ലീപ്പർ യാത്രക്കാർ ടോയ്‌ലറ്റ് മാനേഴ്സ് പഠിക്കണം': റെയില്‍വെ ഉദ്യോഗസ്ഥന്‍റെ പോസ്റ്റില്‍ വന്‍ ചർച്ച
dot image

ജനുവരി 17ന് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ റെയിൽവെയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നു. ഇന്ത്യൻ റെയിൽവേയിലെ ചീഫ് പ്രോജക്റ്റ് മാനേജറായ അനന്ത് രൂപനഗുഡി എക്‌സിലൂടെ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ചർച്ച കൊഴുക്കുന്നത്. പൊതുസമ്പത്ത് സംരക്ഷിക്കുകയും ശുചിത്വ ചട്ടങ്ങൾ പാലിക്കുകയും ചെയ്യുന്നവർ മാത്രമേ പുതിയ ട്രെയിനിൽ യാത്ര ചെയ്യാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

“ടോയ്ലറ്റ് മാനേഴ്സ് പഠിച്ചവരും, വാഷ്‌റൂമുകളിലെ നിർദ്ദേശങ്ങൾ പാലിക്കുന്നവരും, പൊതുസമ്പത്തിനോട് ആദരവ് കാണിക്കുന്നവരും മാത്രമേ ദയവായി ഈ ട്രെയിനിൽ യാത്ര ചെയ്യാവൂ. നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു.

“ഫ്ലഷ് പ്രവർത്തിക്കുന്നുണ്ടാകുമോ, വെള്ളം ഉണ്ടാകുമോ, ടിഷ്യു ലഭ്യമാകുമോ എന്നൊക്കെ ഉറപ്പാക്കണം. 2 എസി, 3 എസികളിൽ പോലും ഇതൊക്കെ പലപ്പോഴും ലഭ്യമല്ല. ശരിയായ പരിപാലനവും ജീവനക്കാരേയും ആവശ്യമുണ്ട്,” എന്നായിരുന്നു ഒരു വ്യക്തിയുടെ പ്രതികരണം “നല്ല ട്രെയിനുകളിൽ അത് പ്രശ്നമല്ല. ചില യാത്രക്കാർ ഫ്ലഷ് പോലും അമർത്താതെ പോകുന്നതാണ് യഥാർത്ഥ പ്രശ്നം.” എന്ന രീതിയിലായിരുന്നു ഈ കമന്റിന് അനന്ത് രൂപനഗുഡി മറുപടി നൽകിയത്.

ട്രെയിനിൽ നിന്ന് മാലിന്യം പാളത്തിലേക്ക് എറിയുന്ന റെയിൽവേ ജീവനക്കാരന്റെ പഴയ വീഡിയോ പങ്കുവെച്ച് വിമർശിച്ച മറ്റൊരു ഉപയോക്താവിനോട് അദ്ദേഹം പ്രതികരിച്ചു: “പഴയ വീഡിയോകൾ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നത് മുഴുവൻ ശരിയായ കാര്യമാകണമെന്നില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന കരാറുകാർക്കെതിരെ കർശന പിഴ ചുമത്തുന്നുണ്ട്.” എന്നായിരുന്നു മറുപടി. ട്രെയിനുകളിൽ ശുചിത്വ ബോധവൽക്കരണ വീഡിയോകൾ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശത്തോടും അദ്ദേഹം യോജിച്ചു. ഇത് നല്ല ആശയമാണെന്നും പരിഗണിക്കാമെന്നും പറഞ്ഞു.

പുതിയ വന്ദേഭാരത്, പുതിയ ചട്ടങ്ങൾ

ഗുവാഹത്തി–ഹൗറ റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ടിക്കറ്റ് നിരക്കിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഈ ട്രെയിനിൽ ആർഎസിയും വെയ്റ്റിങ്ലിസ്റ്റ് ടിക്കറ്റുകളും ഉണ്ടാകില്ല. അഡ്വാൻസ് റിസർവേഷൻ ആരംഭിക്കുന്നതോടൊപ്പം എല്ലാ ബർത്തുകളും ബുക്ക് ചെയ്യാനാകും, സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ.

ജനുവരി 9ന് പുറത്തിറക്കിയ റെയിൽവേ ബോർഡ് സർക്കുലർ പ്രകാരം കുറഞ്ഞത് 400 കിലോമീറ്ററിന്റെ ചാർജ് ഈടാക്കും. യാത്ര ദൂരം കുറവായാലും 400 കിലോമീറ്ററിന്റെ നിരക്കാണ് നൽകേണ്ടത്. ടിക്കറ്റ് നിരക്ക് രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളേക്കാൾ അല്പം കൂടുതലായിരിക്കും. നിലവിലെ എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂർ വരെ യാത്ര സമയം കുറയ്ക്കുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

Content Highlights: A railway official’s social media post asking Vande Bharat Sleeper train passengers to learn and follow proper toilet manners has drawn widespread attention

dot image
To advertise here,contact us
dot image