

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി നടത്തിയിട്ടുള്ളത് സംഘടനാപരമായ ഇടപെടലുകൾ മാത്രമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. എന്ത് വിവാദം വന്നാലും കെട്ടിവലിച്ച് ഷാഫിയിലേക്ക് കെട്ടാൻ നോക്കുന്നുവെന്നും രാഹുലിന് വടകരയിൽ ഫ്ലാറ്റ് ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ജനീഷ് പറഞ്ഞു. ഉണ്ടെകിൽ അത് വ്യക്തിപരമായ കാര്യമാണെന്നും ജനീഷ് കൂട്ടിച്ചേർത്തു.
ചൂരല്‍മല ഫണ്ട് വിവാദത്തിലും ഓ ജെ ജനീഷ് പ്രതികരിച്ചു. പുനരധിവാസത്തിനായി ഫണ്ട് പിരിച്ചത് പാർട്ടിയുടെ കീഴ്‌ഘടകങ്ങളിൽ നിന്ന് മാത്രമാണെന്നും വ്യക്തികളിൽ നിന്ന് പണം സ്വീകരിച്ചിട്ടില്ല എന്നും ജനീഷ് വ്യക്തമാക്കി. ചൂരൽമലയുടെ പേരിൽ വിന്നർ ചലഞ്ച് നടത്തിയതായി അറിവില്ല എന്നും രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്നും ജനീഷ് കൂട്ടിച്ചേർത്തു. ചൂരല്‍മലയിലെ ആവശ്യത്തിനായി പണം പിരിക്കുന്ന സമയത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്‍കിയെന്നാണ് അതിജീവിത നൽകിയ പരാതിയിൽ ഉള്ളത്.
റിമാൻഡ് റിപ്പോർട്ടിലെ വടകര ഫ്ലാറ്റ് പരാമർശത്തെ ഇടതുനേതാക്കൾ രാഹുലിനെതിരായ ആയുധമാക്കിയിരിക്കുകയാണ്. അതിജീവിതയെ വടകരയിലെ ഫ്‌ളാറ്റിലേക്ക് രാഹുല്‍ വിളിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചത്. രാഹുലിന്റെ ഫ്‌ളാറ്റ് പാലക്കാടാണ് എന്നും പിന്നെ ആര്‍ക്കാണ് വടകരയില്‍ ഫ്‌ളാറ്റുള്ളത് എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകണമെന്നുമായിരുന്നു ഡിവൈഎഫ്‌ഐ വി കെ സനോജിന്റെ പ്രതികരണം. രാഹുലിന് വടകരയില്‍ ഫ്‌ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്നും സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി എന്നുമായിരുന്നു പി സരിന്റെ പ്രതികരണം.
മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിസംബർ 10 ഉച്ച മുതല്‍ക്ക് രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. തന്റെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കേസിൽ റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് ഉള്ളത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും.
Content Highlights: OJ Janeesh defending rahul in vadakara flat issue at rahul mamkoottathil case