തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന്ന് പ്രതീക്ഷ

മത്സരിക്കാൻ മേജർ രവി ബിജെപി നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടില്ല

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന്ന് പ്രതീക്ഷ
dot image

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വരുമെന്നാണ് പുറത്തുവരുന്ന വിവരം. കലാ സാംസ്‌കാരിക കേന്ദ്ര പ്രദേശമായ തൃപ്പൂണിത്തുറയിൽ ബിജെപിയുടെ നേതാവ് എന്ന നിലയിലുള്ള ആളെ അവതരിപ്പിക്കുന്നതിനേക്കാൾ മുന്നേറ്റം ബിജെപി സഹയാത്രികനായ മേജർ രവിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ നേടാനാകുമെന്നാണ് വിലിരുത്തൽ.

കലാ സാംസ്‌കാരിക രംഗത്ത് നിൽക്കുന്നവരുടെ വോട്ടുകൾ ഇതുവഴി സമാഹരിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ചരിത്രത്തിലാദ്യമായി ബിജെപി നേടിയിരുന്നു. നിലവിൽ കോൺഗ്രസിന്റെ കയ്യിലുള്ള മണ്ഡലത്തിൽ എൽഡിഎഫും ഏറെ പ്രതീക്ഷവെക്കുന്നുണ്ട്. 2016ൽ കെ ബാബുവിനെ സിപിഐഎം നേതാവ് എം സ്വരാജ് തോൽപിച്ചിരുന്നു. എന്നാൽ 2021ൽ വീണ്ടും കെ ബാബു സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. അന്ന് കെ എസ് രാധാകൃഷ്ണനായിരുന്നു ബിജെപി സ്ഥാനാർത്ഥി.

ഇത്തവണ കെ ബാബു മത്സരത്തിനില്ലെന്ന് അറിയിച്ചതിന് പിന്നാലെ നടനും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടിയുടെ പേരും മത്സരരംഗത്തേക്ക് ഉയർന്നിട്ടുണ്ട്. കോൺഗ്രസ് വക്താവ് രാജു പി നായർ, കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു എന്നിവരുടെ പേരും ഉയർന്നിരുന്നു. എൽഡിഎഫിൽ മുൻ എംഎൽഎയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്, മുൻ മേയറും സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽ കുമാറിന്റെ പേരുമാണ് സജീവമായിട്ടുള്ളത്.

കൊച്ചിയിൽ ലത്തീൻ സഭയിൽനിന്നുള്ള പൊതു സ്വതന്ത്രനെയാണ് ബിജെപി പരിഗണിക്കുന്നത്. സാമുദായിക സമവാക്യങ്ങൾ പയറ്റി കൊച്ചി മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. രണ്ട് ടേമുകളിലായി സിപിഐഎം നേതാവ് കെ ജെ മാക്‌സിയാണ് കൊച്ചിയിൽ വിജയം നേടിയത്. അൻപതിനായിരത്തിലധികം വോട്ട് നേടിയായിരുന്നു മാക്‌സിയുടെ വിജയം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.

വൈപ്പിനിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാർത്ഥി മത്സരിക്കും. തൃക്കാക്കരയിൽ പി ആർ ശിവങ്കറിനും ടി പി സിന്ധുമോൾക്കുമാണ് സാധ്യത.

Content Highlights : Major Ravi will be the bjp candidate at thrippunithura assembly constituency

dot image
To advertise here,contact us
dot image