'തടവുകാരുടെ കൂലി വര്‍ദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിക്കും'; കെസിബിസി മദ്യ വിരുദ്ധ സമിതി

തടവുകാർക്ക് കൈ നിറയെ പണം ലഭിക്കുന്നത് കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് വഴി തെളിക്കുമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി

'തടവുകാരുടെ കൂലി വര്‍ദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിക്കും'; കെസിബിസി മദ്യ വിരുദ്ധ സമിതി
dot image

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൂലി കുത്തനെ കൂട്ടിയ സർക്കാർ നടപടിക്കെതിരെ കെസിബിസി മദ്യ വിരുദ്ധ സമിതി. തടവുകാരുടെ കൂലി വർദ്ധിപ്പിക്കുന്നത് കുറ്റകൃത്യങ്ങളെ നിസാരവൽക്കരിക്കുന്ന നിലപാടാണെന്ന് കെസിബിസി മദ്യവിരുദ്ധ സമതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പ്രതികരിച്ചു.

കുറ്റകൃത്യത്തിൽപ്പെട്ട് ജയിലിലാകുന്ന 95 ശതമാനം തടവുകാരും ലഹരിക്ക് അടിമകളാണെന്നും ഇവർക്ക് കൈ നിറയെ പണം ലഭിക്കുന്നത് കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് വഴി തെളിക്കുമെന്നും നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും പ്രസാദ് കുരുവിള പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ ജിയിലിൽ ഡ്രോൺ പറന്നത് മയക്കുമരുന്ന് നിക്ഷേപിക്കാൻ ആണെന്ന റിപ്പോർട്ടും കെസിബിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി സർക്കാർ കുത്തനെ കൂട്ടിയിരുന്നു. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. 2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളത്.

നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളിൽ പൊതുവെ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ഡൽഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ അന്തേവാസികൾക്ക് നിലവിൽ നൽകിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.

Content Highlights: Kerala Catholic Church Protests Hike in Wages of Prison Inmates

dot image
To advertise here,contact us
dot image