രാഹുലിൻ്റെ ഫ്ളാറ്റ് പാലക്കാട്, വടകരയിൽ ആർക്കാണ് ഫ്ളാറ്റുള്ളത്?; ഷാഫി പറമ്പിലിനെ ഉന്നമിട്ട് വി കെ സനോജ്

വയനാട് ദുരനന്തത്തെ പോലും തന്‍റെ ചെയ്തികൾക്കായി പണം സമാഹരിക്കാനുള്ള അവസരമായി രാഹുൽ മാങ്കൂട്ടത്തിൽ കണ്ടുവെന്നും വി കെ സനോജ് പറഞ്ഞു

രാഹുലിൻ്റെ ഫ്ളാറ്റ് പാലക്കാട്, വടകരയിൽ ആർക്കാണ് ഫ്ളാറ്റുള്ളത്?; ഷാഫി പറമ്പിലിനെ ഉന്നമിട്ട് വി കെ സനോജ്
dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ക്രൂരമായ ചെയ്തിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ദുരന്തത്തെ പോലും പെണ്‍കുട്ടികളെ വശീകരിക്കാനുള്ള ഉപകരണമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്നും വി കെ സനോജ് പ്രതികരിച്ചു. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന പേരിലും ഈ ഇരപിടിയന്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വയനാടിന്റെ ദുരന്ത ഭൂമിയിലെത്തിയത് അവിടെ ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാല്‍ അല്ല. തന്റെ ഇത്തരം ചെയ്തികള്‍ക്കുള്ള പണം സമാഹരിക്കാനുള്ള അവസരമായി രാഹുല്‍ ദുരന്തത്തെ കണ്ടുവെന്നും വി കെ സനോജ് പറഞ്ഞു.

ക്രൈം സിന്‍ഡിക്കേറ്റിലെ രണ്ടാമനാണ് ഇപ്പോള്‍ ജയിലില്‍ പോയിരിക്കുന്നതെന്ന് വി കെ സനോജ് പ്രതികരിച്ചു. സിന്‍ഡിക്കേറ്റിലെ ഒന്നാമനും ഇതേ വഴിയില്‍ തന്നെ തുറന്നുകാട്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വി കെ സനോജ് പറഞ്ഞു. അതിജീവിതയെ വടകരയിലെ ഫ്‌ളാറ്റില്‍ എത്തിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റ് പാലക്കാടാണ്. പിന്നെ ആര്‍ക്കാണ് വടകരയില്‍ ഫ്‌ളാറ്റുള്ളത് എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകണം. പെണ്‍കുട്ടികളെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുക. അവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗര്‍ഭഛിദ്രം നടത്തുക. എന്നിട്ട് ഇതിന്റെയൊക്കെ പണം പല ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്ന് എടുക്കുക. എന്ത് നെറികേടാണ് ഇവര്‍ കാണിക്കുന്നത് എന്നും വി കെ സനോജ് ചോദിച്ചു.

ഇവര്‍ ചെയ്യുന്ന നെറികേടിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുകയാണ്. തനിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നതായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക ഷാഫിയോട് പറഞ്ഞിരുന്നു. പക്ഷെ എല്ലാ അര്‍ത്ഥത്തിലും ഷാഫി രാഹുലിനെ പിന്തുണച്ചു. മുപ്പത് സെക്കന്റ് കൊണ്ട് മുന്നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കിയ പ്രതിപക്ഷ നേതാവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ അതില്‍ നിന്ന് ഒരു പത്ത് സെക്കന്റ് മാറ്റിവെച്ച് രാഹുലിന്റെയും മറ്റും ഇത്തരം ചെയ്തികള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിനെ, ക്രൈം സിന്‍ഡിക്കേറ്റിനെ തിരിച്ചറിയേണ്ടതുണ്ട്. മഹാരഥന്മാരായ ആളുകള്‍ നയിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ആ പാര്‍ട്ടിയെ ഇന്ന് ഭരിക്കുന്നത് ബലാത്സംഗ വീരന്മാരാണെന്നും വി കെ സനോജ് പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വീടുകള്‍ എവിടെയെന്നും വി കെ സനോജ് ചോദിച്ചു. നൂറ് വീടുകള്‍ നിര്‍മ്മിക്കാനുള്ള പണം ആപ്പ് വഴിയാണ് സമാഹരിക്കുന്നതെന്നതെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പ് എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല. ലോകത്ത് ആദ്യമായി പണം സമാഹരിക്കാനുള്ള ആപ്പ് ആവിയായി പോയത് കേരളത്തിലെ കോണ്‍ഗ്രസിന്റേത് മാത്രമായിരിക്കും. വീടുകളുമായും അതുമായി ബന്ധപ്പട്ട മറ്റ് ചോദ്യങ്ങളും ഉയരുമ്പോള്‍ കോണ്‍ഗ്രസ് ഉത്തരമില്ലാതെ നില്‍ക്കുകയാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

Content Highlight; Kerala Congress was once led by great leaders, now ruled by oppressors: VK Sanoj reacts against Rahul Mamkootathil

dot image
To advertise here,contact us
dot image