

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ സ്വർണം അടക്കം പരിശോധിച്ച് എസ്ഐടി. വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ ഉൾപ്പെടെയാണ് എസ്ഐടി പരിശോധിച്ചത്. സ്വർണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കാനാണ് പരിശോധന. ഇതിനായി ചെങ്ങന്നൂരിലെ എസ്ബിഐ ബാങ്കിലെ സ്വർണപ്പണിക്കാരനെയും എസ്ഐടി എത്തിച്ചു. പരിശോധന നിലവിൽ നാല് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. പരിശോധനയിൽ സ്വർണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുകയാണെങ്കിൽ അവ കൂടുതൽ പരിശോധനകൾക്കായി എസ്ഐടി കൊണ്ടുപോയേക്കും എന്നും സൂചനകളുണ്ട്.
ഉച്ചയോടെയാണ് സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് മോഹനരുടെ വീട്ടിൽ എസ്ഐടി പരിശോധനയ്‌ക്കെത്തിയത്. ചെങ്ങന്നൂരിലെ വീട്ടിലാണ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്. വീട്ടിലുണ്ടായിരുന്നവരെയെല്ലാം പുറത്താക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്.
അതേസമയം, ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് തന്ത്രിയുടെ ഇസിജി അടക്കമുള്ളവ പരിശോധിച്ചു. ഹൃദയസംബന്ധമായ പ്രശനങ്ങൾ അറിയാനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തി.
എന്നാൽ ഫലം വന്നപ്പോൾ ഡ്രോപ്പ് ടെസ്റ്റിൽ ഡോക്ടർമാർ ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇതിൽ കൂടുതൽ പരിശോധനകൾ നടത്താനായാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ കാർഡിഗോളജി വിഭാഗം മേധാവി തന്ത്രിയെ പരിശോധിച്ചു. കൂടുതൽ പരിശോധനകൾക്കും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
Content Highlights: The SIT investigating the Sabarimala gold theft case conducted inspections at the Tantri’s residence, examining gold jewellery including ornaments belonging to women and children