

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ ശാസ്‌തമംഗലം കൗൺസിലർ ആർ ശ്രീലേഖ എത്തിയില്ല. കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്.
ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഗവർണർ ചായസൽക്കാരം ഒരുക്കിയത്. സൽക്കാരത്തിന് യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരും എത്തി. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗൺസിലർമാർ ചായ സൽക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.
കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ വിജയിച്ച് മേയറാകാൻ സാധിക്കാതെവന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആർ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി തന്റെ അതൃപ്‌തി ശ്രീലേഖ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല പാർട്ടി തന്നെ മത്സരിപ്പിച്ചത് എന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. തന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
ശ്രീലേഖയുടെ പ്രവർത്തികൾ ബിജെപിയിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. വി കെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദത്തിൽ ഇടപെടേണ്ടന്ന് വരെ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ശ്രീലേഖ പാര്‍ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്‍ശനമാണ് ബിജെപിയിൽ ഉയർന്നത്.
Content Highlights: The Kerala Governor invited councillors for a tea meeting at Raj Bhavan. R Sreelekha did not attend the event, while Left councillors participated wearing red attire.