മലയാള ഭാഷാ ബിൽ: കർണാടക സർക്കാർ സ്വീകരിച്ചത് തെറ്റായ സമീപനം; കേരളത്തിലെ കോണ്‍ഗ്രസിന് മൗനം: മന്ത്രി പി രാജീവ്

'മലയാളിക്ക് എതിരെ കര്‍ണാടക മുഖ്യമന്ത്രി വരുമ്പോള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയാനുള്ള ഉത്തരവാദിത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്'

മലയാള ഭാഷാ ബിൽ: കർണാടക സർക്കാർ സ്വീകരിച്ചത് തെറ്റായ സമീപനം; കേരളത്തിലെ കോണ്‍ഗ്രസിന് മൗനം: മന്ത്രി പി രാജീവ്
dot image

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിനെതിരായ കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം. കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ പി രാജീവും എം ബി രാജേഷും രംഗത്തെത്തി. കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചത് തികച്ചും തെറ്റായ സമീപനമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പഴയ ബില്‍ നോക്കിയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു നിലപാട് സിദ്ധരാമയ്യ സ്വീകരിച്ചത്. മലയാളിക്ക് എതിരെ കര്‍ണാടക മുഖ്യമന്ത്രി വരുമ്പോള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയാനുള്ള ഉത്തരവാദിത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രതികരിച്ച് കണ്ടില്ല. എന്തുകൊണ്ട് തിരുത്താന്‍ ശ്രമം നടത്തിയില്ലെന്നും മന്ത്രി പി രാജീവ് ചോദിച്ചു.

മലയാള ഭാഷ ബില്‍ നാടിന്റെ പൊതുവായ വികാരമാണ്. ആദ്യം ഒരു ബില്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. അതിന് അനുമതി ലഭിച്ചില്ല. എല്ലാ ഭാഗങ്ങളും പരിശോധിച്ച ശേഷമാണ് വീണ്ടും ബില്‍ അവതരിപ്പിച്ചത്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവര്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. ഔദ്യോഗിക കത്തിടപാടുകള്‍ അടക്കം അവരുടെ ഭാഷയില്‍ നടത്താം. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മലയാളം പഠിക്കാമെന്നേയുള്ളൂ. നേരത്തേ അങ്ങനെയായിരുന്നില്ലെന്നും പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ബില്‍ വായിച്ച് നോക്കാന്‍ പോലും അവര്‍ക്ക് സമയം കിട്ടിയിട്ടുണ്ടാകില്ല. കര്‍ണാടകയും കേരളവും നല്ല രീതിയില്‍ സഹകരിച്ച് പോകണം എന്നുള്ളതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ ഒന്ന് ചോദിച്ച് മനസിലാക്കുക പോലും ചെയ്യാതെ ചര്‍ച്ച വഴിതിരിച്ച് വിടുകയാണെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം അപകടകരമെന്നായിരുന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞത്. മലയാള ഭാഷ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് പറഞ്ഞത്. ഭാഷാ ന്യൂനപക്ഷ ബില്ലില്‍ അങ്ങനെയില്ല. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന സിദ്ധരാമയ്യ പിന്‍വലിക്കണം. കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയതാണ് ബില്ല്. ഇത് ഭരണഘടനയ്ക്ക് പൂര്‍ണമായും വിധേയമാണ്. സംഘപരിവാരിനെ പോലെ വിദ്വേഷത്തിന് കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.
ബുള്‍ഡോസര്‍ കൊണ്ട് വീട് തകര്‍ത്തതില്‍ കേരളം പ്രതികരിച്ചതിലുള്ള പ്രതികാരമാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും എം ബി രാജേഷ് പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിര്‍ബന്ധമായും മലയാളം പഠിക്കണം എന്ന് ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണ് കര്‍ണാടക സർക്കാർ ഉയർത്തുന്ന വിമർശനം. ഇതിലൂടെ ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ മലയാളം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കര്‍ണാടകയുടെ വിമര്‍ശനം. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ കന്നഡ സംഘടനകള്‍. ബില്ലിനെ എതിര്‍ത്ത് ബിജെപിയും രംഗത്തുവന്നിരുന്നു. ഭാഷ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞത്.

Content Highlights- Minister p rajeev against karnataka government and congress on malayalam language bill

dot image
To advertise here,contact us
dot image