

യുഎഇയില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമെന്ന് പുതിയ കണക്കുകള്‍. ബാങ്ക് കാര്‍ഡ് ഇല്ലാതെ പണമിടപാട് നടത്തുന്നവരില്‍ യുവതലമുറയാണ് മുന്നില്‍. വളരെ വേഗത്തില്‍ പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്ന രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
യുഎഇയിലെ യുവതലമുറ പണമിടപാടുകള്‍ക്കായി പൂര്‍ണമായും സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്ന നിലയിലേക്ക് നീങ്ങുന്നു എന്നാണ് പുതിയ ട്രെന്റുകള്‍ വ്യക്തമാക്കുന്നത്. ഇടപാടിലെ വേഗത, സുരക്ഷ, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സൗകര്യം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറയെ ഡിജിറ്റല്‍ പേമെന്റിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആപ്പിള്‍ പേ പോലുള്ള മൊബൈല്‍ വാലറ്റ് സംവിധാനങ്ങള്‍ എത്തിയതോടെ പണവും വാലറ്റും കൊണ്ട് നടക്കുന്ന ശീലം പലരും ഉപേക്ഷിച്ചു.
യുഎഇയിലെ വ്യാപാര സ്ഥാപനങ്ങള്‍, കഫേകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം 'ടാപ്പ്-ടു-പേ' സൗകര്യം ലഭ്യമാണ്. കൂടുതല്‍ സുരക്ഷയും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വാഗ്ധാനം ചെയ്യുന്നു. കാര്‍ഡ് സ്‌കിമ്മിംഗ് പോലുള്ള തട്ടിപ്പുകളെ പേടിക്കേണ്ടതില്ല എന്നതും ഓരോ ഇടപാടിനും ഇന്‍സ്റ്റന്റ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. മാസങ്ങളായി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടെല്ലെന്നാണ് യുഎഇയിലെ പല യുവാക്കളും പറയുന്നത്.
ഫോണിന്റെ ബാറ്ററി തീര്‍ന്നാല്‍ പണമിടപാട് നടത്താന്‍ കഴിയാതെ വരുന്ന പ്രതിസന്ധിയും ഇവര്‍ മുന്നില്‍ കാണുന്നു. അതുകൊണ്ട് തന്നെ ഒരു ബാക്കപ്പ് സംവിധാനമെന്ന നിലയില്‍ ബാങ്ക് കാര്‍ഡ് കൈവശം സൂക്ഷിക്കുന്നവരും നിരവധിയാണ്. വരും നാളുകളില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നും മുഖം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പേയ്‌മെന്റുകള്‍ സാധാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
Content Highlights: The UAE has reported a significant rise in the number of people using digital payment methods. Authorities noted that the shift toward digital transactions is happening at a fast pace, reflecting changing consumer habits and increased reliance on cashless payment systems across various sectors.