

തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിക്കും ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി. കേസിലെ അന്വേഷണത്തെ ബിജെപി ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടത്തി ആളുകളെ അറസ്റ്റ് ചെയ്യാനും ബിജെപിക്ക് താൽപര്യമില്ല. അവർക്ക് ഈ പ്രശ്നം വഷളാക്കി നിർത്താനും അതുവഴി രാഷ്ട്രീയമുതലെടുപ്പ് നടത്താനുമാണ് ആഗ്രഹമെന്നും അത് ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ല എന്നും മന്ത്രി പറഞ്ഞു.
കേസിൽ എസ്ഐടിയുടെ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെ കേരളത്തിലെ ജനങ്ങൾ തന്നെ സ്വാഗതം ചെയ്യുകയാണ്. കുറ്റക്കാർ ഏത് നിലവാരത്തിൽ ഉള്ള ആളുകളായിരുന്നാലും അർഹമായ ശിക്ഷ വാങ്ങിനൽകണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നും ശിവൻകുട്ടി പറഞ്ഞു. ശബരിമലയുടെ കാര്യങ്ങൾ ഔദ്യോഗികമായി പറയുന്നവരുടെ സ്ഥിതിവിശേഷങ്ങൾ എല്ലാവരും കണ്ടു. ഇവരെല്ലാം കൂടി ക്ഷേത്രത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏത് മന്ത്രിക്കെതിരെ അന്വേഷണം നീണ്ടാലും തങ്ങൾക്കൊരു പ്രശ്നവുമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ജനുവരി ഒമ്പതിനാണ് സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബിജെപി നേതൃത്വം തന്ത്രിക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. തന്ത്രിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനാണെന്ന് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കേസിൽ ആദ്യം മുതൽ സിപിഐഎം- കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടന്നു. വലിയ രാഷ്ട്രീയക്കാർ സ്വർണക്കൊള്ളയ്ക്ക് പിന്നിലുണ്ട്. സിപിഐഎം- കോൺഗ്രസ് കുറുവ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു. എസ്ഐടിയിൽ വിശ്വാസമില്ല എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം പറഞ്ഞത് കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും പേരുകളാണെന്നും എല്ലാവിധ തെളിവുകളുമുണ്ടായിട്ടും ഇരുവരെയും അറസ്റ്റ് ചെയ്തില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. തന്ത്രി എല്ലാ വസ്തുക്കളുടെയും സംരക്ഷകനല്ല. ആചാര ലംഘനം നടത്തിയതിന് കേസെടുത്താൽ ആദ്യം മുഖ്യമന്ത്രി പിണറായിക്കെതിരെ വേണം കേസെടുക്കാൻ. പിണറായി പലതവണ ആചാര ലംഘനം നടത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ല.
ആചാരങ്ങളുടെ കാര്യം മാത്രമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാനുള്ള ശ്രമമെന്നാണ് സംശയിക്കുന്നത്. ആർക്ക് വേണ്ടിയും വക്കാലത്തിനില്ലെന്നും കടകംപള്ളിക്കും പ്രശാന്തിനും എല്ലാം അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
തന്ത്രിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴയിലെ ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തന്ത്രിയുടെ വീട്ടിലെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചിരുന്നു. തന്ത്രിയുടെ തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.
Content Highlights: Kerala minister V Sivankutty alleged that the BJP also has connections to the gold smuggling case, stating that the party wants the issue to be prolonged for political reasons. His remarks have added to the ongoing political controversy surrounding the case, with sharp exchanges between the ruling front and the opposition.