

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയും ലീഗും അവര്‍ക്കെതിരായ വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമര്‍ശനമായി പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളും അത്തരത്തില്‍ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മതവിശ്വാസവും വര്‍ഗീയതയും രണ്ടാണെന്ന് മനസിലാക്കി മുന്നോട്ട് പോകാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കണം. വര്‍ഗീയവാദികള്‍ ഒരിക്കലും വിശ്വാസികളല്ല. വിശ്വാസത്തെ അവര്‍ ആയുധമായി ഉപയോഗിക്കുന്നു എന്നേയുള്ളു. വര്‍ഗീയതയും മതവിശ്വാസവും ജനങ്ങള്‍ക്ക് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. അതിനായി ജനുവരി 30ന് ജനകീയ മുന്നേറ്റം നടത്തും. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ മതവിശ്വാസികളും അണിചേരണം. വര്‍ഗീയവാദികള്‍ക്കെതിരായ വിശ്വാസികളുടെ പോരാട്ടം വളരെ ഗൗരവമുള്ളതാണ്. ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് മതവിശ്വാസവും വര്‍ഗീയതയും തമ്മിലുള്ളത്. ഇത് തിരിച്ചറിഞ്ഞ് വേണം നമ്മള്‍ പ്രവര്‍ത്തിക്കാനെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ദേശദ്രോഹ സ്വഭാവം പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെ വേണ്ടി വന്നാല്‍ നിരോധിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്രമാണെന്നതാണെന്നും ആ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മുസ്‌ലിം ലീഗിന് ആ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോള്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന വി ഡി സതീശന്‍ അന്ന് എംഎല്‍എ ആയിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജമാഅത്ത ഇസ്‌ലാമിയുമായി സഖ്യം കൂടാന്‍ ഒരുമടിയുമില്ലാത്തവരായി കോണ്‍ഗ്രസും ലീഗും മാറി. ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സമുദായത്തിന് എതിരെ എന്നു പറയാന്‍ ശ്രമം. ഇത് വിശ്വാസവുമായി കൂട്ടി കാണിക്കേണ്ട സാഹചര്യമില്ല. താന്‍ പറഞ്ഞത് ആണ് പാര്‍ട്ടി നിലപാട്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എ കെ ബാലനുമായി ബന്ധപ്പെട്ട മാറാട് പരാമര്‍ശ വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. യുഡിഎഫ് കാലത്ത് നടന്നതാണ് മാറാട് കലാപം. മാറാട് പറയുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ബാലന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. താന്‍ പാര്‍ട്ടിയുടെ അഭിപ്രായവും പറഞ്ഞു. ബാലനെ തള്ളേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും കൊടും വിഷമാണ്. അവര്‍ നാടിന് ആപത്താണ്. അവരെ ഫലപ്രദമായി നേരിടുകയാണ് സിപിഐഎം ലക്ഷ്യംവെയ്ക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം എന്താണ് പറയുന്നത് എന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ എന്താണെന്നും ജനങ്ങള്‍ക്ക് നന്നായി മനസിലായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 ശതമാനം വോട്ട് ലഭിച്ചത്. അടിത്തറ വളരെ ഭദ്രമാണ്. അതുകൊണ്ടാണ് പറയുന്നത് ഈ വര്‍ഗീയ ശക്തികള്‍ക്കെതിരെ വിശ്വാസികളെയടക്കം ഉള്‍പ്പെടുത്തി ഫലപ്രദമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് കഴിയും. നിയമസഭ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ ഇടതുപക്ഷ ജാനധിപത്യ മുന്നണി നേടുകയും ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്നാകെ ബിജെപിയിലേക്ക് ചേക്കേറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിച്ചാണ് മുന്നേറിയത്. ഈ സംഖ്യവും മതേതരത്വത്തിന്‍റെ കാര്യത്തില്‍ ഗാന്ധിജിയും ഗോഡ്‌സേയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Content Highlight; There is a big difference between religious belief and communalism, says MV Govindan