

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്ന് മുസ്‌ലിം ലീഗ്. ഗുരുവായൂരും തിരുവമ്പാടിയും ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും ജയസാധ്യത നോക്കി മാറ്റംവരുത്തുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു.
യുഡിഎഫിന്റെ നയം പരമാവധി സീറ്റുകൾ നിയമസഭയിൽ നേടുക എന്നതാണ്. ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും. അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും, അതിൽ ആർക്കും പിടിവാശികളില്ല. യുഡിഎഫിന്റെ വിജയത്തിന് എന്താണ് നല്ലതെന്ന് നോക്കി ഘടകകക്ഷികളായ പാർട്ടികൾ തീരുമാനം സ്വീകരിക്കും. അതിനോട് എല്ലാപാർട്ടികളും സഹകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകും. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥ ഉണ്ടാകില്ല. ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞു. വേങ്ങര വിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന മാധ്യമറിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് പിഎംഎ സലാമിന്റെ പ്രതികരണം. താൻ മത്സരിക്കുന്നുണ്ടെങ്കിൽ ജനറൽ സെക്രട്ടറി പദവി ഒഴിയുമെന്നും പിഎംഎ സലാം വ്യക്തമാക്കി.
അതേസമയം സമസ്തയുമായി മുസ്‌ലിം ലീഗിന് തർക്കങ്ങളില്ലെന്നും ലീഗ് വിരുദ്ധരായ സമസ്തക്കാർ ഭീഷണിയല്ലെന്നും പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് ബാങ്ക് വളരെ ശക്തമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും അത് തെളിഞ്ഞതാണെന്ന് സലാം പറഞ്ഞു.
Content Highlights : Muslim League leader PMA Salam says it is ready to swap seats in the assembly elections