

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100 ദിവസത്തെ ക്യാമ്പയിന്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ 2701 കോടി രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

കൊള്ളപലിശക്കാരില്‍ നിന്നും ബാങ്കിങ് ഇതര സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ നേരിടുന്ന ചൂഷണങ്ങള്‍ തടഞ്ഞ് മിതമായ പലിശ നിരക്കില്‍ അമിത ചാര്‍ജ്ജൊന്നും ഈടാക്കാതെ സാധാരണ ഉപഭോക്താവിന് അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഉടന്‍ വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 100 ദിവസത്തെ ഗോള്‍ഡന്‍ ഡേയ്സ് ക്യാംപെയ്ന്‍ ആരംഭിച്ചത്.
പ്രവാസി വായ്പകളും, കാര്‍ഷിക വായ്പകളും 10 ല്‍ അധികം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പകളും (MSME) 10 ല്‍ അധികം വനിതാ വായ്പകളും ഉള്‍പ്പെടെ 50 ല്‍ അധികം വായ്പാ പദ്ധതികള്‍ കേരള ബാങ്കിലുണ്ട്. കേരള ബാങ്ക് വയനാട് ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ജീവനക്കാര്‍ സമാഹരിച്ച 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. തിരിച്ചടവു ശേഷിയില്ലാത്ത വിവിധ ജില്ലകളിലെ 70 ലധികം വായ്പക്കാരുടെ വായ്പാ കുടിശ്ശിക ജീവനക്കാര്‍ മുന്‍കൈ എടുത്ത് അടച്ചു തീര്‍ത്ത് പ്രമാണം തിരികെ നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ടിബി സെല്‍ വഴി രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കുള്ള ധനസഹായവും കേരള ബാങ്ക് നല്‍കുന്നുണ്ട്.
ക്യാമ്പയിന്‍ കാലയളവില്‍ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണപ്പണയ വായ്പ 100 രൂപയ്ക്ക് പ്രതിമാസ പലിശ 77 പൈസ മാത്രമായിരിക്കും. കേരള ബാങ്കിന്റെ ആകെ ബിസിനസ് 1.25 ലക്ഷം കോടി രൂപയാണ്. 10,000 കോടി രൂപയുടെ നേട്ടം പ്രതിപാദിക്കുന്ന പോസ്റ്റര്‍ ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.