കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം, അര്‍ഹതയുള്ളവരെ കണ്ടെത്തി ജയിപ്പിക്കട്ടെ; അഖില്‍ മാരാര്‍

കൊട്ടാരക്കരയില്‍ നിന്നും കോണ്‍ഗ്രസ് അഖില്‍ മാരാരെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു

കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം, അര്‍ഹതയുള്ളവരെ കണ്ടെത്തി ജയിപ്പിക്കട്ടെ; അഖില്‍ മാരാര്‍
dot image

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും സംവിധായകനും ബിഗ് ബോസ് മുന്‍ താരവുമായ അഖില്‍ മാരാര്‍. പ്രചരിക്കുന്ന വര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ഓരോ മണ്ഡലത്തിലും ജയസാധ്യത ലക്ഷ്യം വെച്ച് അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ് ജയിപ്പിക്കട്ടെയെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

'എന്റെ ആഗ്രഹം കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം..അതിനായി എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ടിക്ക് വേണ്ടി ചെയ്യും.. ആര് മുഖ്യമന്ത്രി ആയാലും എനിക്ക് അടുപ്പമുള്ള ഒരാള്‍ ആവും എന്നത് എന്റെ വ്യക്തിപരമായ സന്തോഷം… ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പബ്ലിസിറ്റി, മാന്യമായി ജീവിക്കാന്‍ ഉള്ള സാമ്പത്തിക ഭദ്രത, ധാരാളം രാഷ്ട്രീയ ബന്ധങ്ങളും ഉള്ള എനിക്ക് എന്റെ ഭാവി സുരക്ഷിതമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഉള്ള മാര്‍ഗം അറിയാം..ഓരോ മണ്ഡലത്തിലും ജയ സാധ്യത ലക്ഷ്യം വെച്ചു അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ്സ് ജയിപ്പിക്കട്ടെ…ഒരു വാര്‍ത്തയും എന്റെ അറിവില്‍ വരുന്നതല്ല.. എന്നോടുള്ള സ്‌നേഹം കൊണ്ട് വരുന്ന വാര്‍ത്തയുമല്ല', അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. രാഷ്ട്രീയം ഉപേക്ഷിച്ചത് നിശബ്ദന്‍ ആവാനല്ല, കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാനാണ് എന്ന 2019 ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അഖിലിന്റെ നിലപാട് വ്യക്തമാക്കിയത്.

കൊല്ലം കൊട്ടാരക്കരയില്‍ നിന്നും കോണ്‍ഗ്രസ് അഖില്‍ മാരാരെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തള്ളി. പത്രങ്ങളിലുള്ള വാര്‍ത്തകള്‍ കണ്ട് തങ്ങള്‍പ്പോലും അത്ഭുതപ്പെട്ടെന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂവെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Content Highlights: akhil marar Reject the Report of Candidature in assebly election

dot image
To advertise here,contact us
dot image