

ന്യൂ ഡൽഹി: എൻഎസ്എസുമായി ബന്ധപ്പെട്ട പുഷ്പാർച്ചന വിവാദത്തിൽ തനിക്ക് ഒരു പരാതിയുമില്ലെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഒരു വിവാദമുണ്ടാക്കാൻ താൻ താത്പര്യപെടുന്നില്ല. അവർ തന്നെ ഹൃദ്യമായാണ് സ്വീകരിച്ചത്. എന്നാൽ പുഷ്പാർച്ചന നടത്താൻ സാധിക്കാത്തതാണ് മനസിന് നൊമ്പരമുണ്ടാക്കിയത് എന്ന് ആനന്ദബോസ് റിപ്പോർട്ടറിനോട് വിശദീകരിച്ചു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയപ്പോൾ മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ സമ്മതിച്ചില്ല എന്നതായിരുന്നു ആനന്ദബോസിന്റെ പരാതി. ഡല്‍ഹിയില്‍ നടന്ന മന്നം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തനിക്ക് വളരെ സങ്കടകരമായ ഒരു അനുഭവമുണ്ടായെന്നും അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്.
ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണന നേരിടേണ്ടിവന്നത്. എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.
എന്നാൽ, ആനന്ദബോസിന്റെ ഈ പ്രസ്താവനയെ സുകുമാരൻ നായർ തള്ളുകയായിരുന്നു. പുഷ്പാര്‍ച്ചന നടത്തണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ വിശദീകരിച്ചത്.
എന്നാൽ സുകുമാരൻ നായരുടെ ഈ വാദത്തിന്റെ മുനയൊടിച്ച് എൻഎസ്എസ് കോളേജുകളുടെ മുൻ മാനേജരായ എം ആർ ഉണ്ണി രംഗത്തുവന്നിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായ സി വി ആനന്ദബോസിന് പുഷ്പാർച്ച നടത്താൻ സുകുമാരൻ നായർ അനുമതി നൽകിയിരുന്നില്ല എന്നും അതുകൊണ്ടാണ് അദ്ദേഹം പുഷ്പാർച്ചന നടത്താതെ പോയത് എന്നും തന്നോട് മുൻ എൻഎസ്എസ് രജിസ്ട്രാർ ടി എൻ സുരേഷ് പറഞ്ഞിരുന്നുവെന്നുമാണ് എം ആർ ഉണ്ണി വെളിപ്പെടുത്തിയത്.
Content Highlights: cv anandabose says he is not getting into a controversy on nss issue