

പാലക്കാട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്തരം ഇടപെടലുകളല്ല വെളളാപ്പളളിയുടെ നേതൃത്വത്തിന് കീഴില്‍ നടക്കുന്നതെന്ന് സിപിഐ ആരോപിച്ചു. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുണ്ടായത്. വെളളാപ്പളളിയുമായുളള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കുമെന്നും വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്നും യോഗത്തിൽ നിര്‍ദേശമുയര്‍ന്നിരുന്നു.
വെളളാപ്പളളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും നല്‍കുന്ന പിന്തുണയ്ക്കും സംരക്ഷണത്തിനുമെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ രംഗത്തെത്തിയിരുന്നു. വെളളാപ്പളളിയല്ല എല്‍ഡിഎഫ് എന്നും ചതിയന്‍ ചന്തു എന്ന പേരും തൊപ്പിയും ആയിരം വട്ടം ചേരുക ആ തലയ്ക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയെ കണ്ടാല്‍ താന്‍ ചിരിക്കുകയും കൈ കൊടുക്കുകയും ചെയ്യുമെന്നും എന്നാല്‍ കാറില്‍ കയറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ല. സിപിഐ ഹാപ്പി അല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ജീവിതത്തില്‍ ആരും 100 ശതമാനം ഹാപ്പി അല്ലല്ലോയെന്നും ചോദിച്ചിരുന്നു.
വെളളാപ്പളളിയെ കാറിൽ കയറ്റിക്കൊണ്ട് താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണെന്നും അത് ശരിയാണെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 'ഞാൻ സ്വീകരിച്ചത് എന്‍റെ നിലപാടാണ്. ബിനോയ് വിശ്വം കാറിൽ കയറ്റില്ലായിരിക്കും, അത് അദ്ദേഹത്തിന്റെ നിലപാടാണ്. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയാണെന്നതാണ് എന്‍റെ നിലപാട്. അത് ശരിയാണെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിന്റെ സാഹചര്യം ഞാൻ പറഞ്ഞിട്ടുണ്ട്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിക്കൊപ്പം കാറിൽ വെള്ളാപ്പള്ളി നടേശൻ എത്തിയത് വിവാദമായിരുന്നു.
Content Highlights: Supporting and Carrying Vellapally Natesan will be a liability for the Left Front: CPI