

സ്വർണവില പോലെ കുതിച്ച് സംസ്ഥാനത്തെ ചിക്കന്‍ വില. വലിയ തോതിലുള്ള വർധനവാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ചിക്കന്‍ വിലയിലുണ്ടായിരിക്കുന്നത്. ഇക്കലയളിവില്‍ കോഴിയിറച്ചി വില 70 മുതല്‍ 100 രൂപവരെ ഉയർന്നു. ക്രിസ്മസിന് ഒരു കിലോ കോഴി ഇറച്ചിയുടെ വില 165 രൂപയായിരുന്നു. എന്നാല്‍ ഇന്ന് വിപണിയില്‍ ഇറച്ചിയുടെ വില 270-290 രൂപവരെയായി ഉയർന്നു. ക്രിസ്മസ്-പുതവത്സ സീസണില്‍ കോഴിയിറച്ചിയുടെ വില കൂടുന്നത് പതിവാണെങ്കിലും ഇത്രയധികം വർധനവ് ആദ്യമായിട്ടാണ്.
ഇറച്ചിക്കോഴിയുടെ വിലയിലും സമാനമായ വർധനവാണ് കാണാന്‍ സാധിക്കുന്നത്. 120-130 രൂപ നിരക്കിലുണ്ടായിരുന്ന വില 180 കടന്നും മുന്നേറുകയാണ്. ചിക്കന്‍ വിലയിലെ വർധനവ് തട്ടുകട-ഹോട്ടല്‍ മേഖലയിലും വില കൂടുന്നതിന് കാരണമായേക്കുമെന്ന ആശങ്കയും ശക്തമായി. വന്‍കിട ഫാമുടമകള്‍ വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.
വില ഇനിയും വർധിക്കുകയാണെങ്കില്‍ സമരം പ്രഖ്യാപനം ഉള്‍പ്പെടേയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും വ്യപാരികള്‍ പറയുന്നു. ആഘോഷ വേളകളില്‍ കൃത്രിമ ദൗർലഭ്യം സൃഷ്ടിച്ച് വില വർധിപ്പിക്കുന്ന ഫാം ഉടമകളുടെ നീക്കത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വിഭാഗം ഇടപ്പെട്ട് പരിഹാരം കാണമെന്നും ഇല്ലെങ്കില്‍ കടയടപ്പ് സമരം ഉള്‍പ്പെടേയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
സീസണില്‍ വില്‍പ്പനയിലും വലിയ രീതിയിലുള്ള കുതിച്ചുച്ചാട്ടം ഉണ്ടായിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ചില ഭാഗങ്ങളില്‍ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും അതൊന്നും മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിച്ചില്ല. പുതുവത്സര തലേന്ന് മാത്രം ജില്ലയിൽ 2.1 ലക്ഷം കിലോ കോഴിയിറച്ചി വിൽപന നടന്നുവെന്നാണ് കണക്ക്.
Content Highlights: Chicken meat prices in Kerala have recorded a sharp increase, with the cost of one kilogram crossing Rs 280.