ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല: രാഹുല്‍ മാങ്കൂട്ടത്തിൽ

ആരായിരിക്കും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പറയാന്‍ അധികാരമില്ലാത്തയാളാണ് താനെന്നും അത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല: രാഹുല്‍ മാങ്കൂട്ടത്തിൽ
dot image

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പൊതുവേദിയില്‍ മുഖം കൊടുക്കാതെ പോയ സംഭവത്തില്‍ പ്രതികരിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. താനും രമേശ് ചെന്നിത്തലയും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്നും ഇന്നലെ തങ്ങള്‍ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യം തനിക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആരായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പറയാന്‍ അധികാരമില്ലാത്തയാളാണ് താനെന്നും അത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ചെന്നിത്തലയുമായി ഞാന്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ല. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് ഇന്നലെ ചെന്നിത്തല അടക്കമുളള നേതാക്കളുമായി പെരുന്നയില്‍വെച്ച് സംസാരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുളള നേതാക്കളുമായും സംസാരിച്ചിരുന്നു. അതൊന്നും കൗതുകമുളള വാര്‍ത്തയായി തോന്നുന്നില്ല. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാല്‍ മതി. ചെന്നിത്തലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകേണ്ട കാര്യമില്ല. ഞങ്ങള്‍ ഇന്നലെ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യമില്ല. എത്രയോ കാലമായി പരിചയമുളളവരാണ്. ഞാന്‍ ഇന്നലെ അവിടെയെപ്പോള്‍ ആദ്യം സംസാരിച്ചത് അദ്ദേഹമാണ്': രമേശ് ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കരുതെന്ന് പറഞ്ഞ വിഷയത്തിലും രാഹുല്‍ പ്രതികരിച്ചു. ഓരോ വ്യക്തികള്‍ക്കും അവരവരുടെ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ കാര്യമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പി ജെ കുര്യനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. 'ഓരോ വ്യക്തികള്‍ക്കും അവരവര്‍ക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അതില്‍ കാര്യമൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഡബ്ബിംഗ് പലതും ഞാന്‍ കേട്ടു. അതിന്റെ ലിപ്പ് മൂവ്‌മെന്റ് സിങ്കാവുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ഗൗരവത്തില്‍ ഈ വിഷയം സംസാരിച്ചിട്ടൊന്നുമില്ല. ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. പി ജെ കുര്യന്‍ സാറിനോട് അത്തരമൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ചോദിക്കേണ്ടതില്ല. ആരോഗ്യകാര്യങ്ങളാണ് സംസാരിച്ചത്. സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായിരുന്നത്': രാഹുല്‍ പറഞ്ഞു.

പാലക്കാട് ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് പറയാനുളള അധികാരമുളള ആളല്ല താനെന്നും ഇപ്പോള്‍ അതിന് തീരെ അധികാരമില്ലെന്നും രാഹുല്‍ പറഞ്ഞു. നിലവില്‍ എംഎല്‍എയാണ്. തെരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷന്‍ പോലും വന്നിട്ടില്ല. മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പാലക്കാട്ടെ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul mamkoottathil about ramesh chennithala ignoring him in public

dot image
To advertise here,contact us
dot image