

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും.
ചുമത്തിയിട്ടുള്ള വകുപ്പുകൾ
ഐപിസി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം
409 - സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന
(10, വർഷം മുതൽ ജീവപര്യന്തം ശിക്ഷ കിട്ടാം)
120 B - ഗുഢാലോചന
420- വഞ്ചന
201- തെളിവ് നശിപ്പിക്കൽ
193- കള്ള തെളിവുണ്ടാക്കൽ
217- പൊതുസേവകന്റെ നിയമലംഘനം
465 - വ്യാജരേഖ ചമക്കൽ
468 - വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമക്കൽ
ഇതിൽ 420, 468, 371 വകുപ്പുകൾ നിലനിൽക്കില്ല. 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും. 409 വകുപ്പ് പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.
ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻതൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേൽപ്പിച്ചുവെന്നാണ് കേസ്.
തൊണ്ടിമുതൽ കേസിന്റെ നാൾവഴി
1990 ഏപ്രിൽ 4 : അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവേദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ
അന്വേഷണത്തിന് ശേഷം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
അതേ വർഷം തന്നെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണയ്ക്കെടുത്തു.
പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിൻറെ ജൂനിയർ അഭിഭാഷകൻ
1990 : സാൽവേദോറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി.
1990 : അപ്പീൽ ഹൈക്കോടതിയിൽ. അടിവസ്ത്രം ആൻഡ്രുവിന്റേതല്ലെന്ന വാദം അംഗീകരിച്ച് വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി.
തൊട്ടുപിന്നാലെ ആൻഡ്രൂ സാൽവേദോർ രാജ്യം വിട്ടു.
കൊലക്കേസിൽ പെട്ട സാൽവദോർ മെൽബൺ റിമാൻഡ് സെന്ററിൽ സഹതടവുകാരനോട് കേരളത്തിലെ കേസിൽ, അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം തുറന്നു പറഞ്ഞു. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ ഈ മൊഴി കാൻബറയിലെ ഇന്റർപോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോൾ യൂണിറ്റായ സിബ.ഐക്ക് അയച്ചു.
സിബിഐ ഡൽഹി ആസ്ഥാനത്തു നിന്ന് ഈ കത്ത് കേരള പൊലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ കേസിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ കെ കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി.
1994 : തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു
1996 ജനുവരി : തൊണ്ടിയിൽ കൃത്രിമത്വം കാട്ടിയതായി ഇന്റർപോളിന്റെ കത്ത്
2002 : തെളിവില്ലെന്നു കാട്ടി കേസ് റദ്ദാക്കണമെന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ
2005 : കേസ് പുനരന്വേഷിക്കാൻ സർക്കാർ. ഐ.ജി.യായിരുന്ന ടി.പി. സെൻകുമാർ ഉത്തരവിട്ടു.
2006 ഫെബ്രുവരി 13 :തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ആന്റണി രാജു ഒന്നും കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ്. ജോസ് രണ്ടും പ്രതി
വിചാരണ നടന്നില്ല.
2006- കോടതിയിൽ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം, ക്ലർക്കിനെ സ്വാധീനിച്ച് സ്വന്തമാക്കിയ ആന്റണി രാജു അതു വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതായി കുറ്റപത്രം
2014- നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റി
2022 ജൂലൈ- ഹൈക്കോടതി രജിസ്ട്രാർ വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി
2023 - കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി
2024 നവംബർ 20 : ആന്റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീംകോടതി
2026 ജനുവരി 3: ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി
Content Highlights: evidence tempering case verdict against Antony Raju