

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നിലനിർത്തുമെന്നും സീറ്റുകൾ വെച്ചുമാറാനുള്ള നീക്കമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അർഹതപ്പെട്ട സീറ്റുകൾ ലീഗിന് വേണ്ടിവരും. ലീഗ് നേരത്തെതന്നെ മത്സരിക്കുന്ന സീറ്റുകളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ലീഗിന്റെ കൈവശമുള്ള സീറ്റുകൾ വെച്ചുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വച്ചു മാറില്ല. നിലവിലെ സീറ്റുകൾ നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്ക് കൂടി ചർച്ചകളിൽ ആവശ്യമുന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന നിർബന്ധമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. എംഎൽഎമാരുടെ കാര്യത്തിൽ മൂന്ന് ടേം നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ചില മണ്ഡലങ്ങളിൽ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ ഒരുപാട് യുവതി, യുവാക്കൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിപദം ലീഗിന് വേണ്ടെന്നും യുഡിഎഫ് അധികാരത്തിൽ എത്തണമെന്നതാണ് ആവശ്യമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ആവശ്യത്തിന് മന്ത്രിമാരെ ആവശ്യപ്പെടും. അധിക മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഉപമുഖ്യമന്ത്രി പദവും ചോദിക്കില്ലെന്ന് കൂട്ടിച്ചേർത്തു.
സമസ്തയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സാദിഖലി തങ്ങൾ പ്രതികരിച്ചു. സമസ്ത യാത്രയുടെ പതാക കൈമാറ്റം പാണക്കാട് നിന്ന് തീരുമാനിച്ചിരുന്നു. എന്നാൽ താൻ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ് പരിപാടി മാറ്റിയത്. സമസ്തയുടെ ഭാഗമാണ് പാണക്കാട് കുടുംബം. മുസ്‌ലിം സമുദായത്തിലെ മറ്റ് വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും മുസ്‌ലിം സമുദായത്തിനുള്ള പൊതു പ്ലാറ്റ്‌ഫോം ആണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: there is no move to swap seats says muslim league leader Syed Sadiqali Shihab Thangal