മാറ്റം വേണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ:NCP ജില്ലാ നേതൃത്വത്തിന്റെ വിരമിക്കൽ ആവശ്യം തള്ളി ശശീന്ദ്രൻ

'സ്ഥാനാര്‍ത്ഥിയുടെ ജയസാധ്യതയാണ് പ്രധാനം. മത്സരിക്കണമോ വിരമിക്കണോ എന്ന് പാര്‍ട്ടി നേതൃത്വം പറയട്ടെ'

മാറ്റം വേണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ:NCP ജില്ലാ നേതൃത്വത്തിന്റെ വിരമിക്കൽ ആവശ്യം തള്ളി ശശീന്ദ്രൻ
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഇത്തവണ മാറിനില്‍ക്കാന്‍ തയ്യറാകണമെന്ന എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂരില്‍ സംസ്ഥാന നേതാക്കളാണ് മത്സരിക്കാറുള്ളതെന്നും മാറ്റം വേണമെങ്കില്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ ജയസാധ്യതയാണ് പ്രധാനം. മത്സരിക്കണമോ വിരമിക്കണോ എന്ന് പാര്‍ട്ടി നേതൃത്വം പറയട്ടെയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് എ കെ ശശീന്ദ്രന്‍ ഇത്തവണ മാറിനില്‍ക്കണമെന്ന ആവശ്യവുമായി എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു. എലത്തൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു മുക്കം മുഹമ്മദ് പറഞ്ഞത്. നിരവധി തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയുമായ എ കെ ശശീന്ദ്രന് മാന്യമായ വിരമിക്കലിനുള്ള സമയമാണിത്. രാജി ആവശ്യം ഉയര്‍ന്നപ്പോള്‍ പിന്തുണച്ചത് ഇത്തവണ മാറിനില്‍ക്കുമെന്ന ഉറപ്പിലാണെന്നും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.'എ കെ ശശീന്ദ്രന്‍ പത്ത് വര്‍ഷക്കാലം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിയായി. അദ്ദേഹം ഇനി അവിടെ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും കരുതുന്നില്ല. പാര്‍ലമെന്ററി ജീവിതത്തില്‍ നിന്ന് ഇനി ആവശ്യമുള്ളത് മാന്യമായ ഒരു യാത്രയയപ്പാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയാണ്. അദ്ദേഹത്തിന്റെ സഹകരണത്തോടെയും പിന്തുണയോടെയും കൂടി മറ്റൊരാളെ ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്', മുക്കം മുഹമ്മദ് പറഞ്ഞു.

എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പേയാണ് ശശീന്ദ്രന്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാട് വ്യക്തമാക്കി ജില്ലാ അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശീന്ദ്രന്‍ ഇതിനോടകം ഏഴ് തവണ മത്സരിച്ചിട്ടുണ്ട്. ആറ് തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയാകുകയും ചെയ്തു. അങ്ങനെയുള്ളയാള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യമാണ് എന്‍സിപി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാറ്റ വിഷയത്തിലടക്കം മുന്‍പ് രാജി ആവശ്യം ഉയര്‍ന്നപ്പോഴെല്ലാം ശശീന്ദ്രനെ ചേര്‍ത്തുപിടിക്കുന്ന നിലപാടായിരുന്നു ജില്ലാ നേതൃത്വം സ്വീകരിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്ന് ശശീന്ദ്രന്‍ മാറിനില്‍ക്കുമെന്ന ഉറപ്പിലാണ് പിന്തുണച്ചതെന്നും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.

Content Highlights- A K Saseendran against ncp district president mukkam muhammad

dot image
To advertise here,contact us
dot image