

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് ലഭിച്ചാൽ അറിയാവുന്ന കാര്യങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ചോദ്യം ചെയ്യുന്നതിന് എസ്‌ഐടി എന്നെ വിളിപ്പിച്ചതായി മാധ്യമങ്ങള്‍ വഴി മാത്രമാണ് അറിഞ്ഞത്. അല്ലാതെ യാതൊരു അറിവും ഇല്ല. എസ്‌ഐടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉണ്ടാക്കിയ പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഭയമില്ല. എസ്‌ഐടിയുടെ മുന്നില്‍ പോകുന്നതിന് മുമ്പ് അറിയിക്കും', അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അടൂര്‍ പ്രകാശിനെ എസ്‌ഐടി ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരായുകയാണ് ലക്ഷ്യം. സോണിയാഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ആദ്യമായി കണ്ടതെന്നാണ് അടൂര്‍ പ്രകാശ് ഇന്നലെ പ്രതികരിച്ചത്. സോണിയാ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം നിലയില്‍ അനുമതി നേടിയെന്നും ഒപ്പം വരാന്‍ പിന്നീട് തന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് വാദം. കാട്ടുകള്ളനൊപ്പമാണ് പോയതെന്ന് മനസ്സിലാക്കാനായില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി വീണ്ടും വിളിപ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോയെന്നാവും എസ്‌ഐടി പരിശോധിക്കുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത ശേഷമായിരിക്കുമിത്.
Content Highlights: Sabarimala gold case adoor prakash against P Sasi