

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നടൻ കലാഭവൻ മണിയുടെ സ്മരാണാർത്ഥം നൽകുന്ന അവാർഡുകൾ അദ്ദേഹത്തിന്റെ 55ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്നിനാണ് കലാഭവൻ മണിയുടെ ജന്മദിനം.

മമ്മൂട്ടിയാണ് ഇത്തവണ മികച്ച നടനുള്ള അവാർഡിന് അർഹനായത്. കളങ്കാവലിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അർഹമായത്. ലോകയിലെ ചന്ദ്രയായുള്ള പ്രകടനത്തിലൂടെ കല്യാണി പ്രിയദർശൻ മികച്ച നടിയായി. നിവിൻ പോളി നായകനായി എത്തിയ സർവ്വം മായയാണ് മികച്ച സിനിമ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 25നായിരുന്നു തിയേറ്ററുകളിലെത്തിയത്.

എക്കോ സിനിമയിലൂടെ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവ കൂടാതെ സിനിമയിലെ വിവിധ മേഖലകളിലുള്ളവർക്കുള്ള പുരസ്‌കാരങ്ങളും കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനായി ചലച്ചിത്രമേഖലയിലെ വിവിധ രംഗങ്ങളിലുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു. ബാലചന്ദ മേനോൻ, വിജയ കുമാരി, ഒ മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻചാണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അർഹരായത്. സിനിമയ്ക്ക് പുറമേ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരിലെ മികവേറിയ വ്യക്തിത്വങ്ങളും അവാർഡിന് അർഹരായിട്ടുണ്ട്.

മാർച്ച് ആദ്യവാരം അവാർഡ് സമർപ്പണം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ എം കെ ഇസ്മായിൽ, പ്രൊഫസർ യു എസ് മോഹൻ, ജോഷി എബ്രഹാം, പി എം എം ഷരീഫ്, വി കെ മുരളി, ഹേമ ജെയിംസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Mammootty and Kalyani Priyadarshan becomes best actors in Kalabhavan Mani Memorial award